കൊല്ലം: അടുത്ത കാലത്തൊന്നും ഒരു പക്ഷെ കേരളം ഒറ്റക്കെട്ടായി ഇങ്ങനെ ഒരു ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ടാകില്ല. രാഷ്ട്രീയ വ്യത്യാസം മറന്ന് റോഡുകളിൽ പോലീസിനൊപ്പം വാഹനങ്ങൾ പരിശോധിക്കാൻ ഇറങ്ങിയ യുവപൊതുപ്രവർത്തകർ മുതൽ കുട്ടിയെ കാണാതായ കൊല്ലം ജില്ലയുടെ അതിർത്തി വിട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ നാട്ടുകാർ സംശയം തോന്നിയ ഇടങ്ങളിലെല്ലാം തിരച്ചിലും പരിശോധനയുമായി ഒപ്പം ചേർന്നു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സഹോദരൻ ജോനാഥന് ഒപ്പം ട്യൂഷന് പോയി മടങ്ങിയ ഓയൂർ കാറ്റാടി ഓട്ടുമല സ്വദേശിനി അബിഗേൽ സാറ റെജിയെ അജ്ഞാതർ വെളള കാറിൽ തട്ടിക്കൊണ്ടുപോയത്. രണ്ട് കുട്ടികളെയും ഒരുമിച്ച് തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘം പദ്ധതിയിട്ടതെന്നാണ് വിവരം. സഹോദരനെയും ബലമായി പിടിച്ച് കാറിൽ കയറ്റാൻ നോക്കിയെങ്കിലും വഴിയിൽ പട്ടിയെ ഓടിക്കാൻ കൈയ്യിൽ കരുതിയ വടി കൊണ്ട് ഇവരുടെ കൈയ്യിലും മറ്റും ശക്തമായി അടിച്ചതോടെ ജോനാഥനെ ഉപേക്ഷിച്ച് സംഘം അബിഗേലുമായി കടക്കുകയായിരുന്നു.
ജോനാഥനെ കാറിൽ കയറ്റാൻ ശ്രമിക്കുമ്പോഴേക്കും അബിഗേലുമായി കാർ മുന്നോട്ടു നീങ്ങിയിരുന്നു.
ഇവർക്ക് പിന്നാലെ സ്‌കൂട്ടിയിൽ എത്തിയ ഒരു സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന വിവരം ആദ്യം മനസിലാക്കുന്നത്. പിന്നാലെ വിവരം കാട്ടുതീ പോലെ പടർന്നു. ആയിരക്കണക്കിന് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കുട്ടിയുടെയും തട്ടിക്കൊണ്ടുപോയ കാറിന്റെയും ചിത്രം സഹിതം വിവരം പങ്കുവെയ്ക്കപ്പെട്ടു. സന്ധ്യയായതോടെ കുട്ടിക്കായി സമീപദേശങ്ങളിലെല്ലാം അന്വേഷണം സജീവമായി. ആദ്യം ഓയൂരിലെ നാട്ടുകാർ മാത്രമായിരുന്നു രംഗത്തിറങ്ങിയതെങ്കിലും പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും ഈ തിരച്ചിലിൽ പങ്കുചേരുകയായിരുന്നു.
വിവിധയിടങ്ങളിൽ നിന്ന് സംശയം തോന്നുന്ന വണ്ടികൾ പോലീസിനെ വിളിച്ച് അറിയിച്ചത് നിരവധി പേരാണ്. ചിലർ സ്വന്തം നിലയിൽ തന്നെ വണ്ടിയെ പിന്തുടർന്നു. രാത്രിയോടെ കുളമട കിഴക്കനേല എൽപിഎസ് ജംഗ്ഷനിലെ ഒരു കടയിൽ നിന്നും ഉടമയായ സ്ത്രീയുടെ ഫോൺ വാങ്ങി അജ്ഞാതസംഘം വീട്ടിലേക്ക് അമ്മ സിജിയുടെ ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അപ്പോഴും നാടുമുഴുവൻ തങ്ങൾക്ക് വേണ്ടി വല വിരിച്ചുകഴിഞ്ഞുവെന്ന വിവരം തട്ടിപ്പുസംഘം അറിഞ്ഞില്ലെന്ന് വേണം കരുതാൻ. കാരണം ഒരു കാരണവശാലും ഇക്കാര്യം പോലീസിൽ അറിയിക്കരുതെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു.
രാവിലെ വിളിക്കുമെന്ന് പറഞ്ഞെങ്കിലും ആ കോൾ പോലീസ് പ്രതീക്ഷിച്ചില്ല. കാരണം അതിനോടകം ചാനലുകളിലും നവമാദ്ധ്യമങ്ങളിലും പരന്ന വാർത്തകൾ സംഘത്തിന്റെ ചെവിയിലെത്തിയേക്കാമെന്ന് പോലീസ് ഊഹിച്ചിരുന്നു. തുടർന്ന് കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ച് കടന്നുകളയാനുളള സാദ്ധ്യതയിലേക്കാണ് പോലീസ് വിരൽ ചൂണ്ടിയത്. അങ്ങനെയാണ് ഒന്നരയോടെ ആശ്രാമം മൈതാനത്ത് നിന്ന് ഒടുവിൽ ആ ആശ്വാസവാർത്തയെത്തിയത്. നാടുമുഴവൻ തങ്ങൾക്കായി വലവിരിച്ചത് മനസിലാക്കിയ തട്ടിപ്പുസംഘം കുട്ടിയെ ഉപേക്ഷിച്ച് കടക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
കുട്ടിയെ തിരിച്ചുകിട്ടിയെങ്കിലും ഈ സംഘത്തെ തേടിയുളള പോലീസ് അന്വേഷണം തുടരും. അബിഗേലിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് രേഖാചിത്രം ഉൾപ്പെടെ വീണ്ടും തയ്യാറാക്കി അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
Discussion about this post