കോഴിക്കോട്; റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്‌കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂൾ പ്രധാന അദ്ധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്.
നോട്ടീസിനെതിരെ രക്ഷിതാക്കൾ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കലോത്സവത്തിന്റെ വിഭവ സമാഹരണത്തിനായി കുട്ടികൾ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസിൽ പറയുന്നത്.വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്.
കലാമേളയുടെ വിഭവസമാഹാരണത്തിന്റെ ഭാഗമായി ഓരോ സ്‌കൂളിനും ഓരോ ഇനങ്ങളാണ് നൽകിയിരിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ നിന്നും ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ആയതിനാൽ നാളെ കുട്ടികൾ വരുമ്പോൾ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകണമെന്നാണ് നോട്ടീസ്.
ഈ മാസം മൂന്നിനാണ് പേരാമ്പ്രയിൽ വച്ച് റവന്യൂ ജില്ലാ കലോത്സവം നടക്കുക.
Discussion about this post