ചാത്തന്നൂർ: കൊല്ലം ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പളളിക്കുന്ന് കവിതാലയത്തിൽ പദ്മകുമാറും കുടുംബവും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചതെന്ന് നാട്ടുകാർ. ഇരുനില വീട്ടിലേക്ക് ആരും അങ്ങനെ കടന്നുചെല്ലാറില്ലായിരുന്നു. കാറിൽ കുടുംബവുമൊത്താണ് പുറത്തുപോകുന്നത്. അയൽവാസികളുമായി പോലും കൂടുതൽ അടുപ്പമില്ലെന്നും നാട്ടുകാർ പറയുന്നു.
52 കാരനായ പദ്മകുമാർ എൻജിനീയറിങ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് ഉൾപ്പെടെ നടത്തിയിരുന്ന ഇവർക്ക് ജംഗ്ഷനിൽ ഒരു ബേക്കറിയുമുണ്ട്. ഭാര്യയെ ഇടയ്ക്ക് അവിടെ കാണാറുണ്ട്. ജീവനക്കാരിയാണ് ബേക്കറിയിൽ മുഴുവൻ സമയവും ഉണ്ടാകുക. വീട്ടിൽ നിറയെ നായകളാണ്. അതുകൊണ്ടു തന്നെ ഭയപ്പെട്ട് കച്ചവടക്കാർ പോലും പോകില്ലെന്നും നാട്ടുകാർ പറയുന്നു.
നാല് കിലോമീറ്റർ മാറി ചിറക്കരയിൽ ഇവർക്ക് ഒരു ഫാം ഉള്ളതായും നാട്ടുകാർ പറയുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഓടിട്ട ഒരു വീട്ടിലാണ് താമസിപ്പിച്ചതെന്നാണ് കുട്ടി പറഞ്ഞത്. ഇത് ഈ ഫാമിലാണോയെന്ന് സംശയമുണ്ട്.
വെളള സ്വിഫ്റ്റ് ഡിസയർ കാർ കൂടാതെ ഒരു നീല കാറും ഇവർക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഡിസയർ കാർ വീടിന്റെ കാർ പോർച്ചിൽ തന്നെ കിടപ്പുണ്ടായിരുന്നു. പദ്മകുമാറിനും കുടുംബത്തിനും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന വാർത്ത അവിശ്വസനീയതയോടെയാണ് നാട്ടുകാർ കേട്ടത്. സൗമ്യനായ മനുഷ്യനായിരുന്നുവെന്നും തമിഴ്‌നാട്ടിലടക്കം ബിസിനസ് ഉണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും നാട്ടുകാർ പറയുന്നു.
ഭാര്യയും മകളും പദ്മകുമാറുമാണ് വീട്ടിൽ താമസം. മൂവരും ഒരുമിച്ച് കാറിലാണ് പുറത്തേക്ക് പോകുന്നത്. അല്ലാതെ പുറത്ത് കാണാറില്ല. അതുകൊണ്ടു തന്നെ നാട്ടുകാരും ഇവരുടെ കാര്യത്തിൽ അധികം ശ്രദ്ധിക്കാറില്ല. കുട്ടിയെ കാണാതായ ദിവസം ഈ നാട്ടുകാരും തിരച്ചിലിന് ഇറങ്ങിയിരുന്നു. എന്നാൽ ആ ദിവസം വെളള ഡിസയർ കാർ പുറത്തുപോയിരുന്നോ എന്ന കാര്യത്തിൽ അയൽവാസികൾക്കും വ്യക്തതയില്ല.
പുറത്തുവെച്ച് ആളുകളെ കണ്ടാൽ ഒരു ചിരിയിലോ വിളിയിലോ ഒതുക്കുന്ന പ്രകൃതമായിരുന്നു പദ്മകുമാറിന്റേത്. ഇവിടെ തന്നെ ജനിച്ചുവളർന്ന ആളാണ്. ചാത്തന്നൂരിൽ ആദ്യ കേബിൾ ടിവി ബിസിനസ് കൊണ്ടുവരുന്നത് പദ്മകുമാർ ആണെന്നും നാട്ടുകാർ പറയുന്നു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് പോലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാത്രമേ പൂർണമായി ഉറപ്പിക്കാനാകൂ.












