തിരുവനന്തപുരം; ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ സമരവുമായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും. കോളജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ടുളള സമരത്തിലാണ് ധനമന്ത്രിയുടെ ഭാര്യ ഡോ. ആശയും പങ്കെടുത്തത്.
കോളജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിടിഎ ആണ് സമരം നടത്തിയത്. സംഘടനയുടെ വനിതാ വിഭാഗം കൺവീനറാണ് ഡോ. ആശ. മുഖ്യമന്ത്രി വിതരണം ചെയ്തുവെന്ന് പറഞ്ഞ തുകയ്ക്ക് വേണ്ടിയാണ് സമരമെന്നതും ശ്രദ്ധേയമാണ്. വിരമിച്ച അദ്ധ്യാപകരുടെ പെൻഷൻ ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, ഗസ്റ്റ് ലക്ചറർമാരുടെ വേതനം വർദ്ധിപ്പിക്കുക, അത് സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങി സംസ്ഥാന സർക്കാർ പരിഹരിക്കേണ്ട ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.
യുജിസി ശമ്പള പരിഷ്‌കരണം അനുസരിച്ചുളള തുക സംസ്ഥാനം കൊടുത്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സംസ്ഥാനം പണം കൊടുത്തിട്ടും കേന്ദ്രം തുക തരുന്നില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ തുക കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് ധനമന്ത്രിയുടെ ഭാര്യയുൾപ്പെടെ നേരിട്ട് സമരത്തിനിറങ്ങിയതോടെ മുഖ്യമന്ത്രിയുടെ കളളവും പൊളിയുകയാണ്.
Discussion about this post