ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സകല സർവേ ഫലങ്ങളെയും മറികടന്ന് ബിജെപി ജയമുറപ്പിക്കുമ്പോൾ നോട്ടയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കീഴടങ്ങലിന്റെ വക്കിൽ സിപിഎം. നിലവിലെ വോട്ട് നിലയനുസരിച്ച് നോട്ട 1.04 ശതമാനം വോട്ട് നേടിയപ്പോൾ സിപിഎമ്മിന് ലഭിച്ചിരിക്കുന്നത് 0.01 ശതമാനം വോട്ട് മാത്രമാണ്. സിപിഐക്ക് 0.04 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
മദ്ധ്യപ്രദേശിൽ നിലവിൽ 147 സീറ്റുകളിൽ മുന്നേറ്റവുമായി ബിജെപി ഭരണമുറപ്പിക്കുമ്പോൾ 80 സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങുകയാണ്. സംസ്ഥാനത്ത് നിലവിൽ ഒരു സീറ്റിലും ഇടത് പാർട്ടികൾ മുന്നേറുന്നില്ല.
അതേസമയം രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ നിലവിൽ സിപിഎം ലീഡ് ചെയ്യുന്നുണ്ട്. ഭദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ബല്വാൻ പൂനിയ 93 വോട്ടുകൾക്ക് നിലവിൽ മുന്നിട്ട് നിൽക്കുന്നു. ദുംഗഡ്ഗഢിൽ സിപിഎം സ്ഥാനാർത്ഥി ഗിരിധർ ലാൽ 2017 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റിൽ മുൻതൂക്കമുണ്ടെങ്കിലും വോട്ടിംഗ് ശതമാനത്തിൽ നോട്ടക്കും പിന്നിലാണ് സിപിഎം. നോട്ടക്ക് 0.99 വോട്ട് ലഭിച്ചപ്പോൾ സിപിഎമ്മിന് 0.97 ശതമാനം വോട്ടുകൾ മാത്രമാണ് ഉള്ളത്.
ഛത്തീസ്ഗഢിലും നോട്ടക്ക് പിന്നിലാണ് നിലവിൽ സിപിഎം. നോട്ടക്ക് 1.38 ശതമാനം വോട്ട് ലഭിച്ചപ്പോൾ സിപിഎമ്മിന് ലഭിച്ചത് കേവലം 0.01 ശതമാനം വോട്ടുകൾ മാത്രമാണ്. സംസ്ഥാനത്ത് നിലവിൽ 48 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 40 സീറ്റുകളിൽ കോൺഗ്രസ് മുന്നിലാണ്.
അതേസമയം തെലങ്കാനയിൽ ഒരു സീറ്റിൽ സിപിഐ ലീഡ് ചെയ്യുന്നുണ്ട്. കോതഗുദെം മണ്ഡലത്തിൽ 2856 വോട്ടുകൾക്കാണ് സിപിഐ സ്ഥാനാർത്ഥി കുനമ്നേനി സാംബശിവ റാവു മുന്നിട്ട് നിൽക്കുന്നത്. ഇവിടെയും ആകെ വോട്ട് നിലയിൽ നോട്ടയാണ് മുന്നിൽ. നോട്ടക്ക് 0.73 ശതമാനം വോട്ട് ലഭിച്ചപ്പോൾ സിപിഎമ്മിന് 0.37 ശതമാനം വോട്ടും സിപിഐക്ക് 0.25 ശതമാനം വോട്ടും ലഭിച്ചു. സംസ്ഥാനത്ത് കോൺഗ്രസാണ് മുന്നിൽ. 52 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുമ്പോൾ 29 സീറ്റുകളിൽ ബി ആർ എസ് ആണ് മുന്നിൽ.
Discussion about this post