തിരുവനന്തപുരം: മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ‘. ക്ലാസിക് സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗങ്ങൾ തീർക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
മോഹൻലാൽ തന്നെയാണ് തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വഴി ചിത്രത്തിന്റെ ടീസർ റിലീസ് തീയതി ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ആറാം തീയതി ടീസർ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം ടീസറിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്.
2024 ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത് എന്ന് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് വാലിബൻ നിർമ്മിക്കുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രരീകരണം പൂർത്തിയായത്.
Discussion about this post