നെല്ലിപ്പുളി എന്നും അരിനെല്ലി എന്നും എല്ലാം അറിയപ്പെടുന്ന ഈ കുഞ്ഞൻ നെല്ലിക്ക വലുപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ നിസാരക്കാരനല്ല. കേരളത്തിന്റെ കാലാവസ്ഥയിൽ ധാരാളമായി ഉണ്ടാകുന്ന ഒരു വൃക്ഷമാണ് നെല്ലിപ്പുളി മരം. കുലകുലകൾ ആയി ധാരാളം കായ്കൾ ഉണ്ടാകും എന്നുള്ളതും ഈ മരത്തിന്റെ സവിശേഷതയാണ്. ഉപ്പില്ലിടാനും അച്ചാർ ഇടാനും വൈൻ തയ്യാറാക്കാനുമായ എല്ലാം നിരവധി കാര്യങ്ങൾക്ക് ഈ ഫലം ഉപയോഗിക്കാറുണ്ട്. രുചിയിൽ പുളിയാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ കേമനാണ് നെല്ലിപ്പുളി.
ആയുർവേദം പറയുന്നത് പ്രകാരം കഫത്തെയും പിത്ത ദോഷത്തെയും സന്തുലിതമാക്കുന്ന ഫലമാണ് നെല്ലിപ്പുളി. ധാരാളം ആന്റി ആക്സിഡന്റുകൾ അടങ്ങിയിട്ടുള്ളവയാണ് ഇവ. ആന്റി ബാക്ടീരിയൽ ഗുണങ്ങളും ധാരാളമുണ്ട്. പ്രമേഹ പ്രശ്നങ്ങൾക്കും മെറ്റബോളിസം പ്രശ്നങ്ങൾക്കും ഗുണകരമാണ് നെല്ലിപ്പുളി. വിറ്റാമിൻ സിയും അവശ്യധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിപ്പുളിയിലെ പോളിഫെനോളിക് സംയുക്തങ്ങൾ ഇൻസുലിൻ പ്രതിരോധം കുറയ്‌ക്കുന്നതിനും പാൻക്രിയാറ്റിക് ബീറ്റാ സെല്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനും സഹായകരമാണെന്ന് പറയപ്പെടുന്നു. ആയുർവേദപ്രകാരം ബ്രോങ്കൈറ്റിസ്, പിത്തരസം, മൂത്രത്തിന്റെ സാന്ദ്രത, പൈൽസ് എന്നിവയുടെ ചികിത്സയ്ക്കും നെല്ലിപ്പുളി ഉപയോഗിക്കാറുണ്ട്.
അസ്കോർബിക് ആസിഡ്, കരോട്ടിനോയിഡുകൾ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ് നെല്ലിപ്പുളി. ടെർപെനോയിഡ്, ഫ്ലേവനോയ്ഡുകൾ, പ്രകൃതിദത്ത ന്യൂക്ലിയോസൈഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവയും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ആസ്ത്മ, ചുമ എന്നതുപോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായും ഈ ഘടകങ്ങൾ പ്രവർത്തിക്കുന്നതാണ്.
Discussion about this post