തിരുവനന്തപുരം: പോലീസിനെ കാഴ്ചക്കാരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കായികമായി അക്രമിക്കാൻ എസ്എഫ്‌ഐയുടെ ശ്രമം. രാത്രി ഏഴ് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു സംഭവം. ഗവർണറുടെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് കരിങ്കൊടി പ്രതിഷേധമെന്ന പേരിൽ സംഘടിച്ചു നിന്ന എസ്എഫ്‌ഐ പ്രവർത്തകർ ചാടി വീഴുകയായിരുന്നു.
എസ്എഫ്‌ഐക്കാർ തന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിച്ചതായും മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപത്തേക്ക് അവർ ഇങ്ങനെ പോകുമോയെന്നും ഗവർണർ ചോദിച്ചു. ക്ഷുഭിതനായി വാഹനത്തിൽ നിന്നും ഇറങ്ങിയായിരുന്നു ഗവർണറുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ ഇവർ ഇങ്ങനെ പ്രതിഷേധം നടത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയാണ് ഇതിന് പിന്നിൽ. തന്നെ കായികമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയാണ് . ഇത്തരം ഗുണ്ടകളെ ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ അനുവദിക്കില്ല. തന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മുഖ്യമന്ത്രി കായികമായി നേരിടാനല്ല നോക്കേണ്ടേത്. ഇതാണോ ജനാധിപത്യ വഴിയിലെ പ്രതിഷേധമെന്ന് ഗവർണർ ചോദിച്ചു.
ഗുണ്ടകളെയും ക്രിമിനലുകളെയും തെരുവിൽ വാഴാൻ താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണ് ഗൂഢാലോചന നടത്തിയതെന്നും ഗവർണർ പറഞ്ഞു. നേരത്തെ കണ്ണൂരിൽ ഇതുപോലെ ചെയ്തിട്ടുളളതാണ്. എന്തിനാണ് വാഹനത്തിൽ നിന്ന് പുറത്തുവന്നതെന്ന ചോദ്യത്തിന് ഗ്ലാസിൽ ഇടിച്ചാൽ എങ്ങനെ പുറത്തുവരാതിരിക്കും എന്നായിരുന്നു ഗവർണറുടെ മറുപടി.
രാവിലെ മുതൽ ഗുണ്ടകൾ ആക്രമിക്കാൻ നടക്കുകയാണെന്നും താനിതെല്ലാം കാണുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ സിപിഎം വിമർശിച്ചുകൊണ്ടിരിക്കുമ്പോഴാണ് എസ്എഫ്‌ഐ ഗവർണറെ വഴിയിൽ തടഞ്ഞുനിർത്തി കായികമായി നേരിടാൻ ശ്രമിച്ചത്. സാധാരണ കരിങ്കൊടി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനെക്കാൾ കൂടുതൽ പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചിരുന്നു.
Discussion about this post