ന്യൂഡൽഹി; കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ തന്നെ കായികമായി നേരിടാൻ പാഞ്ഞടുത്ത എസ്എഫ്‌ഐ ഗുണ്ടകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി ചർച്ചയാകുന്നു. കേരളത്തിൽ എവിടെ വേണമെങ്കിലും ഞാൻ ഒറ്റയ്ക്ക് ഇറങ്ങി നടക്കാം, അവർ വരട്ടെ. അവർ എന്റെ കാറിന് അടുത്തേക്ക് വന്നപ്പോഴെല്ലാം ഞാൻ പുറത്ത് ഇറങ്ങിയിട്ടുണ്ട്. എന്റെ വാഹനത്തിൽ ഇടിക്കണ്ട നേരിട്ട് എന്നെ ഇടിക്കട്ടെയെന്ന് ആയിരുന്നു ഗവർണറുടെ പ്രതികരണം.
പ്രതിഷേധങ്ങളെ നേരിടാൻ വൻ പോലീസ് സന്നാഹങ്ങളുമായി സഞ്ചരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രവൃത്തിയെക്കൂടിയാണ് ഗവർണർ ഇതിലൂടെ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നപ്പോഴെല്ലാം സുരക്ഷ കൂട്ടുകയും പൊതുജനങ്ങളെപ്പോലും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. നവകേരള സദസ്സ് നടക്കുന്ന വേദികളിൽ നടക്കുന്ന പ്രതിഷേധങ്ങളെ പോലീസിനൊപ്പം പാർട്ടിക്കാരെയും രംഗത്തിറക്കിയാണ് സിപിഎം നേരിടുന്നത്. ഇതും വലിയ ചർച്ചയായി നിൽക്കെയാണ് എസ്എഫ്‌ഐക്കാരെ പേടിയില്ലെന്നും ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ തയ്യാറാണെന്നും ഗവർണർ പരസ്യമായി പറയുന്നത്.
ഊരിപ്പിടിച്ച കത്തിയുടെയും വടിവാളിന്റെയും ഇടയിലൂടെ നടന്നിട്ടുളള ആളാണ് താനെന്ന പിണറായി വിജയന്റെ പ്രസിദ്ധമായ ഡയലോഗ് കൂടി കൂട്ടിച്ചേർത്താണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് എസ്എഫ്‌ഐ അക്രമത്തിന് പിന്നാലെ കാറിൽ നിന്ന് ഇറങ്ങിയ ഗവർണർ അക്രമം നടത്തിയവരെ ഗുണ്ടകളെന്നും ക്രിമിനലുകളെന്നും പരസ്യമായി വിളിച്ചിരുന്നു. ഗവർണറുടെ രോഷാകുലമായ പ്രതികരണങ്ങൾ മാദ്ധ്യമങ്ങളും അതേപടി വാർത്തയാക്കി. ഇതിന് പിന്നാലെയാണ് എവിടെ വേണമെങ്കിലും താൻ ഒറ്റയ്ക്ക് ഇറങ്ങി നടക്കുമെന്നും പേടിയില്ലെന്നും ഗവർണർ പരസ്യമായി പ്രഖ്യാപിക്കുന്നത്.
മുഖ്യമന്ത്രിയുടെയും തന്റെയും കാര്യത്തിൽ പോലീസ് സ്വീകരിക്കുന്ന രണ്ട് സമീപനവും ഗവർണർ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞതിന് വധശ്രമ കേസ് ആണ് എടുത്തത്. എന്നാൽ തന്നെ നേരിട്ട് അക്രമിച്ചിട്ടും അവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാമെന്ന് തെളിവു സഹിതം ഗവർണർ പറയുന്നു.
തന്നെ ആക്രമിച്ച റൗഡികൾക്കും ക്രിമിനലുകൾക്കുമെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് പോലീസിനെ തടയുകയായിരുന്നു. അവർ എന്റെ കാറിന്റെ തൊട്ടുമുൻപിലുണ്ട്. ഇടതുവശത്തും വലതുവശത്തുമുണ്ട് പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോ ഉയർത്തിക്കാട്ടി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അഞ്ചാമത്തെ സംഭവമാണിതെന്നും ഗവർണർ കൂട്ടിച്ചേർക്കുന്നു.
കാറിൽ നിന്ന് ഇറങ്ങിയത് എന്തിനെന്ന ചോദ്യത്തിനും ഗവർണറുടെ ഉത്തരം വ്യക്തമായിരുന്നു. കാറിൽ തന്നെ ഇരിക്കണമായിരുന്നോ അവരുടെ ഇടിയിൽ കാറിന്റെ ഗ്ലാസ് തകർന്ന് തനിക്ക് പരിക്കേൽക്കുമായിരുന്നു അദ്ദേഹം പറഞ്ഞു. പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐയെ പുഷ്പം പോലെ നേരിട്ടിറങ്ങി വെല്ലുവിളിച്ച ഗവർണർക്ക് ഇന്നലെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ കൈയ്യടി ലഭിച്ചിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നല്ല നിലയിലല്ലെന്ന് സർക്കാർ തന്നെയാണ് പറഞ്ഞത്. അതിന്റെ റിപ്പോർട്ട് തേടിയപ്പോൾ ഗവർണർ പറയുന്നതിനെല്ലാം മറുപടി നൽകേണ്ട ഉത്തരവാദിത്വമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ പറയുന്ന ഒരു മുഖ്യമന്ത്രിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഗവർണർ ചോദിച്ചു. പത്ത് ദിവസം കാത്തു. അതിന് ശേഷം സാമ്പത്തിക സ്ഥിതി അപകടകരമാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഗവർണറെന്ന നിലയിൽ തനിക്കുണ്ടെന്നും അത് ചെയ്തുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Discussion about this post