കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. അഞ്ച് ദിവസത്തോളമായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥ മൂലം അയ്യപ്പഭക്തർ ദുരിതമനുഭവിക്കുകയും തീർത്ഥാടനം പൂർത്തിയാക്കാതെ മടങ്ങുകയും ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അതിനെ നിസ്സാരവൽക്കരിച്ചത്.
എല്ലാം നിയന്ത്രണവിധേയമാണ്. ഗൗരവമായി കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഏകോപനത്തിന് ഒരു തടസവും ഉണ്ടായിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രമായി 144 കോടി രൂപ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് വർദ്ധിക്കാൻ കാരണം തെലങ്കാനയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതും ചെന്നൈയിലെ വെളളപ്പൊക്കവും കഴിഞ്ഞതുമാണെന്ന ഇടത് സോഷ്യൽ മീഡിയ ക്യാപ്‌സൂളും മുഖ്യമന്ത്രി ആവർത്തിച്ചു.
ആളുകളുടെ എണ്ണം വർദ്ധിച്ചു. ഒരു ദിവസം ഒരു ലക്ഷത്തി 20,000 പേർ വരെ എത്തിയതായി റിപ്പോർട്ടുകളുണ്ട്. അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കും. സന്നിധാനത്ത് എത്താൻ കൂടുതൽ സമയം വേണ്ടി വരുന്ന അവസ്ഥ ഉണ്ടായി. അതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നവകേരള സദസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
4200 പേർക്കാണ് സാധാരണ നിലയിൽ ഒരു മണിക്കൂറിൽ 18ാം പടി കടക്കാനാകുക. പ്രായമായവരും കുട്ടികളും ഒക്കെ വരുമ്പോൾ കുറച്ചുകൂടി സമയമെടുക്കും. അങ്ങനെയുളളവർ കയറുമ്പോൾ പോലീസുകാർക്ക് യാന്ത്രികമായി പ്രവർത്തിക്കാനാകില്ല. കുറച്ച് സമയമെടുക്കും. സന്നിധാനത്ത് ഓരോ സമയത്തുമുളള ഭക്തരുടെ കൃത്യമായ കണക്കെടുത്താണ് തിരക്ക് വല്ലാതെ കൂടിയാൽ തീർത്ഥാടകരെ മുകളിലേക്ക് കടത്തിവിടുന്നത്. കഴിഞ്ഞ മണ്ഡലകാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62, 000 പേരാണ് എത്തിയത്. ഇത്തവണ ഡിസംബർ ആറ് മുതൽ നാല് ദിവസങ്ങളിൽ തന്നെ ദിവസവും എത്തുന്ന തീർത്ഥാടകരുടെ എണ്ണം 88,000 ആയി വർദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിവസങ്ങളായി അയ്യപ്പൻമാർ നേരിടുന്ന ബുദ്ധിമുട്ടുകളും അവർ അനുഭവിച്ച നരകയാതനകളും ചാനലുകളിൽ ഉൾപ്പെടെ വലിയ വാർത്തയും ചർച്ചയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നിലയ്ക്കലിൽ കെഎസ്ആർടിസി ബസുകളിൽ തീർത്ഥാടകരെ കുത്തി നിറച്ച് യാത്രയ്‌ക്കൊരുങ്ങുന്നതും മണിക്കൂറുകളോളം നിലയ്ക്കലിലും പോകുന്ന വഴികളിലുമൊക്കെ തീർത്ഥാടകർക്ക് കാത്ത് നിൽക്കേണ്ടി വന്നതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ദർശനം നടത്താനാകാതെ ആയിരക്കണക്കിന് തീർത്ഥാടകരാണ് പാതി വഴിയിൽ മടങ്ങിയത്.
Discussion about this post