പുതുവർഷ ദിനത്തിൽ സോഷ്യൽ മീഡിയ ഇളക്കി മറിച്ച് പുതിയ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററുമായി നടൻ മമ്മൂട്ടി. ഭ്രമയുഗത്തിന്റെ പോസ്റ്ററാണ് താരം പങ്കുവെച്ചത്. ബ്ലാക്ക് ആന്റ് വൈറ്റിൽ തലയിൽ കിരീടവുമായി മാസ് ലുക്ക്. ഭൂതകാലം എന്ന ഹൊറർ ത്രില്ലറിലൂടെ രേവതിയെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരത്തിന് അർഹയാക്കിയ സംവിധായകൻ രാഹുൽ സദാശിവനാണ് ഭ്രമയുഗവും അണിയിച്ചൊരുക്കുന്നത്.
കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ഭ്രമയുഗമെന്നാണ് സംവിധായകൻ പറയുന്നത്. ഇത് ശരിവെക്കുന്നതാണ് പോസ്റ്ററും. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ഭ്രമയുഗം ചിത്രീകരിച്ചത്. ലണ്ടൻ ഫിലിം അക്കാദമിയിൽ പഠിച്ച രാഹുൽ സദാശിവൻ 2013 ൽ റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാരാ സംവിധാന രംഗത്തേക്ക് ചുവടുറപ്പിച്ചത്. ഇതിന് ശേഷം 2021 ലാണ് ഭൂതകാലം സംവിധാനം ചെയ്തത്.
ഭ്രമയുഗം ഗംഭീര ചലച്ചിത്ര അനുഭവമാകുമെന്ന് രാഹുൽ നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിർമാണം. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. ജോതിഷ് ശങ്കറാണ് ആർട്ട് ഡയറക്ടർ. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഇറങ്ങുക.
അതിനിടെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വിധേയനിലെ ഒരു രംഗവുമായി പോസ്റ്ററിനുളള സാമ്യവും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. മമ്മൂട്ടി അതേ പൊസിഷനിൽ ഇരിക്കുന്ന വിധേയനിലെ സ്‌ക്രീൻ ഷോട്ടും ഈ പോസ്റ്ററും പങ്കുവെച്ചാണ് താരതമ്യപ്പെടുത്തുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ഭ്രമയുഗം തിയറ്ററിലെത്തുക. റോനെക്‌സ് സേവ്യറാണ് മേക്കപ്പ്. മെൽവിയാണ് കോസ്റ്റിയൂംസ് ഒരുക്കിയിരിക്കുന്നത്.
Discussion about this post