ക്രിക്കറ്റ് പരിശീലനത്തിന്റെ പേരിൽ മകന്റെ തുടർവിദ്യാഭ്യാസം നിഷേധിച്ച സ്‌കൂളിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിൽ നിന്നുള്ള വിജയത്തോടെ മറുപടി കൊടുത്ത മകനെ കുറിച്ചും അധികമാരും അറിയാത്ത പത്താംക്ലാസ് വിദൂരവിദ്യാഭ്യാസ പദ്ധതിയെ കുറിച്ചും അനൂപ് ഗംഗാധരൻ എഴുതിയ പോസ്റ്റ് ചർച്ചയാവുന്നു.
ചെക്കൻ പത്താം ക്ലാസ് പാസായി… എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് പത്താം ക്ലാസിന്റെ പേരിലുള്ള സമ്മർദ്ദവും കസർത്തും എന്ന ബോധമുള്ളത് കൊണ്ട്, അത് ജീവിതത്തിലെ ഒരു യമണ്ടൻ സംഗതിയായി ഒരിക്കലും തോന്നിയിട്ടില്ല… പക്ഷെ ഞങ്ങളുടെ ചെക്കനെ പ്രതികാരനടപടിയുടെ ഭാഗമായി പത്താം ക്ലാസിന്റെ പടിവാതിൽക്കൽ വെച്ച് സ്‌കൂളിൽ നിന്ന് പുറത്താക്കിയപ്പോൾ, എന്നാൽ പിന്നെ ഇവരുടെയൊന്നും കൈയും കാലും പിടിക്കാതെ തന്നെ അവനെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമല്ലോ എന്നതൊരു വാശിയായിരുന്നു…
അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങിൽ ചെക്കന്റെ പേര് റജിസ്റ്റർ ചെയ്യുന്നത്… പുറത്താക്കിയ സ്‌കൂളിൽ തുടരുകയായിരുന്നെങ്കിൽ, പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്നതിന്റെ ആറ് മാസം മുൻപേ തന്നെ ചെക്കൻ പരീക്ഷ എഴുതുകയും മികച്ച വിജയം നേടുകയും ചെയ്തപ്പോഴുള്ള ഫീലിങ്ങ് ഞങ്ങളെ സംബന്ധിച്ച് കുറച്ചൊരു സ്പെഷ്യലാണെന്ന് പറയാതെ വയ്യ… മഹത്തായ പാരമ്പര്യമുള്ള സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും അവനെ പുറത്താക്കിയ അധികൃതർക്കുള്ള ഒരു സ്വീറ്റ് മറുപടി…
ക്രിക്കറ്റ് പരിശീലനത്തിന് പോയതിന്റെ പേരും പറഞ്ഞ് സ്‌കൂളിൽ നിന്ന് പുറത്താക്കിയ അതേ മാസത്തിൽ തന്നെയാണ് NIOS അഥവാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങിനെ കുറിച്ച് വിശദമായി മനസ്സിലാക്കിയതും വെറും 2500 രൂപ അടച്ച് ചേർത്തിയതും… 1989ൽ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ NIOS സംവിധാനത്തെ കുറിച്ച് അറിയുന്നവർ അധികമില്ല… സിബിഎസ്ഇ പോലുള്ള സിലബസ്സാണ്… എട്ടാം ക്ലാസ് പാസായിട്ടുണ്ട് എന്നൊരു വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട് സ്‌കാൻ ചെയ്ത് ഓൺലൈനായി തന്നെ അഡ്മിഷൻ എടുക്കാം… പുറത്താക്കിയ സ്‌കൂളിലേക്ക് ടിസി വാങ്ങാൻ പോലും പോവേണ്ടി വന്നില്ല എന്ന് ചുരുക്കം… ഇഷ്ടമുള്ള വിഷയങ്ങൾ ഇഷ്ടമുള്ളപ്പോൾ പഠിച്ച് പരീക്ഷ എഴുതിയാൽ മതി… ഏപ്രിലിലും ഒക്ടോബറിലും പബ്ലിക്ക് പരീക്ഷയുണ്ടാവും… ഇതിനിടയിലും ഓൺ ഡിമാന്റായും പരീക്ഷയ്ക്ക് ഇരിക്കാം…
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ സ്‌കൂളായ NIOS ന്റെ വെബ്സൈറ്റിൽ കയറിയപ്പോൾ, അതിന്റെ ചെയർപേഴ്സന്റെ സന്ദേശത്തിൽ കണ്ടത് മാറുന്ന ആഗോള വിദ്യാഭ്യാസരീതിയെ കുറിച്ചുള്ള താൽപര്യമുണർത്തുന്ന കാര്യങ്ങളായിരുന്നു… പരമ്പരാഗതമായി Teacher centric ആയിരുന്ന വിദ്യാഭ്യാസ സമ്പ്രദായം, Learner centric ആയി മാറികൊണ്ടിരിക്കുകയാണ്… എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണം എന്നത് വിദ്യാർത്ഥിയുടെ അവകാശമായി കണ്ടുകൊണ്ടുള്ള സംവിധാനമാണ് NIOS ഒരുക്കുന്നത്… വിവരസാങ്കേതിക വിപ്ലവത്തിന്റെ ഫലമായി ജോലിയും വ്യാപാരവും ജീവിതവുമൊക്കെ മാറുന്ന പോലെ തന്നെ വിദ്യാഭ്യാസവും മാറുന്നുണ്ട്… അതിന്റെ സാധ്യതകളും രീതികളും മാറുന്നുണ്ട്… പക്ഷെ നിർഭാഗ്യവശാൽ മാറ്റങ്ങളോട് ഏറ്റവും പതുക്കെ റെസ്‌പോണ്ട് ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് പലതും കാണുമ്പോൾ തോന്നിപ്പോവും…
NIOS ൽ പത്താം ക്ലാസ് പാസാവാൻ വെറും അഞ്ച് വിഷയവും ഒരു വൊക്കേഷണൽ വിഷയവും സ്വന്തമായി പഠിച്ച് പരീക്ഷ എഴുതിയാൽ മതി… ഈ വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.. ഒരു കുട്ടിക്ക് കണക്ക് തീരെ വഴങ്ങുന്നില്ലെങ്കിൽ, അല്ലെങ്കിൽ കണക്കിൽ ഒട്ടും അഭിരുചി ഇല്ലെങ്കിൽ, വെറുതെ സമ്മർദ്ദം നൽകികൊണ്ട് ഓൾജിബ്രയും ട്രിഗണോമെട്രിയുമൊക്കെ ആ കുഞ്ഞുമനസ്സിലേക്ക് കുത്തികയറ്റേണ്ടതില്ല…
18 ഭാഷകളിൽ ഏത് വേണമെങ്കിലും പഠിക്കാം… നമ്മുടെ നിലവിലുള്ള സമ്പ്രദായത്തിലെ പോലെ ആരോ ഉണ്ടാക്കുന്ന സിലബസ്സിലെ കെമിസ്ട്രിയും ഫിസിക്സും ബയോളജിയും ഹിസ്റ്ററിയും ജ്യോഗ്രഫിയുമൊക്കെ നിർബന്ധമായി പഠിക്കുന്നതിന് പകരം, നമ്മുടെ അഭിരുചിക്കോ ലക്ഷ്യങ്ങൾക്കോ അനുസരിച്ച് ഇക്കണോമിക്സോ അക്കൗണ്ടൻസിയോ സൈക്കോളജിയോ ഹോം സയൻസോ ഇന്ത്യൻ സംസ്‌ക്കാരമോ ഒക്കെ വിഷയങ്ങളായി തിരഞ്ഞെടുക്കാം… കലയോട് താൽപ്പര്യമുള്ള ഒരു കുട്ടിക്ക് പീരിയോഡിക്ക് ടേബിളിലെ മൂലകങ്ങളെ മനഃപാഠമാക്കുന്നതിന് പകരം പെയിന്റിങ്ങോ ഹിന്ദുസ്ഥാനി സംഗീതമോ കർണ്ണാട്ടിക്ക് സംഗീതമോ ഒക്കെ പഠിക്കാം… സംഗതി അടിപൊളിയല്ലേ?
NIOS ൽ പത്താം ക്ലാസും പന്ത്രണ്ടാം ക്‌ളാസുമൊക്കെ കഴിഞ്ഞാൽ ഉന്നതവിദ്യാഭ്യാസത്തിന് അഡ്മിഷൻ കിട്ടുമോ എന്നുമുള്ള സംശയവും വേണ്ട… ഏത് സർവകലാശാലയിലും കേന്ദ്ര സർക്കാരിന്റെ ഈ സിലബസ് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്… പിന്നെ വിദൂരവിദ്യാഭ്യാസം എന്നത് ഉഴപ്പന്മാരുടെ ഏർപ്പാടാണെന്ന ചിന്തയും പഴഞ്ചനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ… സ്പൂൺ ഫീഡ് ചെയ്ത് നൽകുന്ന പരമ്പരാഗത രീതിയേക്കാൾ, സ്വന്തമായി പഠിക്കുമ്പോൾ വിദ്യാർത്ഥിക്ക് ഉത്തരവാദിത്വബോധം കൂടുമെന്നാണ് പറയപ്പെടുന്നത്… ഉഴപ്പുന്നവർ സ്‌കൂളിലായാലും ഓപ്പൺ സ്‌കൂളിലായാലും ഉഴപ്പുമെന്നത് വേറെ കാര്യം… അങ്ങനെ ഉഴപ്പുന്നവർ പോലും ജീവിതവിജയം നേടാറുണ്ട് എന്നത് മറ്റൊരു വലിയ സത്യവും…
അതുകൊണ്ട് സ്‌കൂളും പരീക്ഷയുമൊന്നും മാറുന്ന ലോകത്തിൽ വലിയ സംഭവമൊന്നുമല്ല… കുട്ടിയുടെ സോഷ്യലൈസിങ്ങ്, വ്യക്തിത്വ വികസനം എന്നിവയിൽ സഹായിക്കുക, മാനസികമായി കരുത്തരാക്കുക, അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രോത്സാഹനം നൽകുക എന്നതാണ് അടിസ്ഥാനപരമായി അധ്യാപകർക്ക് ചെയ്യേണ്ടത്… ഇതൊന്നും ചെയ്യാതെ, പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിപ്പിക്കാനുള്ള ഫാക്ടറികളും തൊഴിലാളികളുമാവാൻ സ്‌കൂളുകളും അദ്ധ്യാപകരും മെനക്കെട്ടാൽ, ചരിത്രത്തിൽ വെറും കോമാളികളായി പോവും എല്ലാവരും…
വിദ്യാഭ്യാസത്തിലെ വിദ്യ എന്ന സംഗതി പാഠപുസ്തകത്തിലെ പോഷൻസ് മാത്രമല്ല, വരയും പാട്ടും നൃത്തവും ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ വിദ്യ തന്നെയാണ്… അതൊക്കെ അഭ്യസിക്കാൻ ശ്രമിക്കുന്നവരെയും, അതിനൊക്കെ പാഠപുസ്തകത്തേക്കാൾ പ്രാധാന്യം നൽകുന്നവരെയും ഒതുക്കാൻ നോക്കുന്നവരെ Teachers എന്ന് വിളിക്കാൻ കഴിയില്ല… പണ്ട് ഇതേ സ്‌കൂളിൽ ഞങ്ങളെ പഠിപ്പിച്ച പ്രിയപ്പെട്ട പോപ്പൻ സാർ പറഞ്ഞത് പോലെ, ‘They are not Teachers, they are Cheaters’ എന്ന് പറയേണ്ടി വരും… പല പല മേഖലകളിലേക്ക് ചിറക് വിരിച്ച് പറക്കാൻ നോക്കുന്ന കുരുന്നുകൾക്ക് എ പ്ലസ് എന്ന ഫലങ്ങൾ മാത്രം കൂട്ടിൽ കൊണ്ടിട്ട് കൊടുക്കുന്ന വഞ്ചകരാവണോ വേണ്ടയോ എന്നത് ഇത്തരത്തിലുള്ള അദ്ധ്യാപകർ സ്വയം ചിന്തിക്കേണ്ടതാണ്…
അങ്ങനെയാണ് ഇപ്പോഴുള്ള എല്ലാ അദ്ധ്യാപകരും എന്ന സാമാന്യവൽക്കരണമല്ല ഇത്… കുട്ടിയുടെ പശ്ചാത്തലവും അഭിരുചിയും മനസിലാക്കിക്കൊണ്ട് കൂടെ നിൽക്കുന്ന അദ്ധ്യാപകരും ധാരാളമുണ്ട്… അത്തരത്തിലുള്ളവർ കുട്ടികളുടെ മറ്റ് കഴിവുകൾക്ക് പിന്തുണയേകുകയും, അവർ പാടാനോ കളിക്കാനോ ഒക്കെ പോയാൽ അറ്റന്റസ് നൽകുകയും, മറ്റെല്ലാ രീതിയിലുള്ള പ്രോത്സാഹനം നൽകുകയും ചെയ്യും…
എന്തായാലും ഒരു സിസ്റ്റത്തിന്റെ തടവറയിൽ നിർത്തികൊണ്ട്, അറ്റന്റസ് നിയമങ്ങളുടെയും തോന്നിയ പോലെ ഉണ്ടാക്കുന്ന അച്ചടക്ക നിയമങ്ങളുടെയും പേരിൽ കുട്ടികളോടും രക്ഷിതാക്കളോടും ഭീഷണിയുടെയും ഹുങ്കിന്റെയും അടവുകൾ പയറ്റുന്ന, അവരെ വരച്ച വരയിൽ നിർത്താൻ നോക്കുന്നവർക്ക് ചിരിച്ചുകൊണ്ട് നൽകാൻ കഴിയുന്ന മറുപടിയാണ് ഓപ്പൺ സ്‌കൂളിങ്ങ്… ‘ഇത്രയേ ഉള്ളൂ സാറേ, നിങ്ങൾ എ പ്ലസ് കൊണ്ട് തുലാഭാരം നടത്താൻ നോക്കുന്ന പത്താം ക്ലാസ്’ എന്ന് നൈസായി നൽകാവുന്ന മറുപടി
Discussion about this post