തിരുവനന്തപുരം; പിണറായി വിജയൻ കൊട്ടാരം വിദൂഷകരെ കൊണ്ട് വാഴ്ത്തുപാട്ട് പാടിച്ച് രസിക്കുകയാണെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം സമ്പൂർണ തകർച്ചയിലാകുമ്പോൾ മുഖ്യമന്ത്രിയെ ചിലർ സൂര്യനെന്ന് വിളിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെയാണ് അതും തെളിയിച്ചത്. കേസ് അവസാനിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പരസ്പര സഹകരണം യുഡിഎഫ്- എൽഡിഎഫ് കേസുകളിലാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ കേസുകളും ഇരുകൂട്ടരും അഡ്ജസ്റ്റ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ പുനർജനി കേസ് അട്ടിമറിച്ചത് ആരാണ്? യൂത്ത് കോൺഗ്രസിന്റെ വ്യാജതിരിച്ചറിയൽ രേഖ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് അത് അന്വേഷിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ സിപിഎമ്മും മതമൗലികവാദികളും സൈബർ ആക്രമണം നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
Discussion about this post