കണ്ണൂർ: മയക്കുമരുന്ന് കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയത് ദീർഘനാൾ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് അധികൃതർ. ജയിലിലെ വെൽഫയർ ഓഫീസിലായിരുന്നു ചാടിപ്പോയ ഹർഷാദിന്റെ ജോലി. ഇതിന്റെ മറവിലാണ് ഇയാൾ ചാടിപ്പോയത് എന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
എല്ലാ ദിവസവും ജയിലിന് പുറത്ത് നിന്നും പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദാണ്. ഞായറാഴ്ചയും പതിവ് പോലെ പത്രക്കെട്ട് എടുക്കാൻ പോയി. ഈ സമയം സ്ഥലത്ത് ഒരു ബൈക്ക് നിർത്തിയിട്ടിരുന്നു. പത്രം എടുക്കാൻ പോയ ഹർഷാദ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഉടനെ ഇതിൽ കയറിപോകുകയായിരുന്നു. ബൈക്ക് അവിടെ എത്തിച്ചതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.
അതേസമയം ഹർഷാദിനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടെ സംഭവത്തിൽ ജയിൽ അധികൃതരോട് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഹർഷാദ്. സെപ്തംബറിലാണ് ഇയാൾ ജയിലിൽ എത്തിയത്. കേസിൽ 10 വർഷം തടവായിരുന്നു ഹർഷാദിന് കോടതി വിധിച്ചത്.
Discussion about this post