എറണാകുളം: മഹാരാജാസ് കോളേജ് അടച്ചുപൂട്ടി. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ക്യാംപസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാന് കുത്തേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അടച്ചത്.
കുത്തേറ്റ സംഭവത്തിന് പിന്നാലെ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടയ്ക്കാനുള്ള തീരുമാനം. സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഉൾപ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ രാത്രി കത്തിക്കുത്ത് ഉണ്ടായത്.
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മാരകായുധങ്ങളുമായി എത്തിയ കെഎസ്‌യു. ഫ്രറ്റേണിറ്റി പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നാണ് നാസറിന്റെ മൊഴി. സാരമായി പരിക്കേറ്റ നാസർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post