പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വൻ വിജയം. സർക്കാരിനെതിരായ ജീവനക്കാരുടെ വികാരമാണ് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് നടത്തിയ പണിമുടക്കിൽ പ്രതിഫലിച്ചത്.
സർക്കാർ ജീവനക്കാർക്ക് 2021 മുതൽ ലഭ്യമാകേണ്ട 18% ക്ഷാമ ബത്ത കുടിശിക, കഴിഞ്ഞ അഞ്ചുവർഷം മുൻപ് നടന്ന ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക എന്നിവ തടഞ്ഞുവെച്ചും, ലീവ് സറണ്ടർ ഉൾപ്പെടെ നിലവിലുണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും കവർന്നെടുത്തും, കരാർ – താൽക്കാലിക നിയമനങ്ങളിലൂടെ സ്വന്തക്കാരെ നിയമിച്ച് സിവിൽ സർവീസിനെ തകർക്കുന്ന രീതിയിലും പ്രതിഷേധിച്ചാണ് പണിമുടക്കിയത്.
പണിമുടക്കിയ ജീവനക്കാർ പ്രകടനവും നടത്തി. പത്തനംതിട്ടയിൽ ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ പ്രകടനം ഉദ്ഘാടനം ചെയ്തു. പണിമുടക്ക് രാഷ്ട്രീയ അടിമകളല്ലാത്ത ആത്മാഭിമാനികളുടെ പോരാട്ട വിജയമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സർവീസിൽ എൽ.ഡി.ക്ലർക്ക് വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകളിൽ മുൻ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ കുറവുണ്ടായെന്ന കേരള പബ്ലിക് സർവീസ് കമ്മീഷന്റെ റിപ്പോർട്ട് സിവിൽ സർവീസ് മേഖലയിലെ അപകടാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡയസ്‌നോൺ ഉൾപ്പെടെയുള്ള കരി നിയമങ്ങൾ ഉപയോഗിച്ച ഇടതു സർക്കാരിനും, സ്ഥലംമാറ്റ ഭീഷണിയിലൂടെ പണിമുടക്ക് സമരത്തെ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിച്ച ഇടത് സംഘടനകളെയും വെല്ലുവിളിച്ച് ജീവനക്കാർ നടത്തിയ പണിമുടക്ക് സർക്കാരിന്റെ അധികാര ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ യുവ ജനങ്ങളുടെ സ്വപ്നവും, പ്രതീക്ഷയുമായിരുന്ന സർക്കാർ ഉദ്യോഗത്തിന്റെ ആകർഷണീയത ഇല്ലാതാക്കിയ ഇടതു സർക്കാർ നയങ്ങൾ തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു, കേരള എൻ.ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.രാജേഷ്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സിന്ധുമോൾ പി. സി, സംസ്ഥാന സമിതി അംഗം കെ. ജി. അശോക് കുമാർ, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ഫെറ്റോ ജില്ലാ സെക്രട്ടറി എം. രാജേഷ്, എൻ. റ്റി. യു. ജില്ലാ പ്രസിഡന്റ് അനിതാ ജി. നായർ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് ജില്ലാ കൺവീനർ സി.സുരേഷ് കുമാർ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
കോന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രമേശ്, അടൂർ റവന്യൂ ടവറിൽ എൻ. റ്റി. യു. സംസ്ഥാന സമിതി അംഗം ബി. മനോജ്, തിരുവല്ല റവന്യൂ ടവറിൽ എൻ. ജി. ഒ. സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. രതീഷ്, മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ബി. പിള്ള, റാന്നി മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി ജി. അനീഷ്, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എൻ. റ്റി. യു. ജില്ലാ സെക്രട്ടറി ജി. സനൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.
Discussion about this post