കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. കാറിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ പോലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു.
കൊട്ടാരക്കരയിൽ ഒരു ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഇതിനിടെയായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ നിലമേലിൽവച്ച് കരിങ്കൊടി കാണിച്ചത്. സർവ്വകലാശാലയിലെ ഇടപെടൽ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി 25 ഓളം പ്രവർത്തകരാണ് തടിച്ച് കൂടിയത്. ഗവർണർക്ക് നേരെ ഇവർ മുദ്രാവാക്യം വിളിച്ചു.
ഇതോടെ ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങി എസ്എഫ്‌ഐക്കാർക്ക് നേരെ നടന്നു. ഇതിനിടെ പോലീസ് എത്തി ഗവർണറെ പിന്തിരിപ്പിക്കുകയായിരുന്നു. എസ്എഫ്‌ഐക്കാരെയും പിടിച്ച് മാറ്റി. ഇതിനിടെയായിരുന്നു പോലീസിനെ രൂക്ഷമായ ഭാഷയിൽ ഗവർണർ ശകാരിച്ചത്. ശേഷം റോഡിന് സമീപത്തെ ചായക്കടയ്ക്ക് മുൻപിൽ അദ്ദേഹം കസേരയിട്ട് ഇരുന്നു. എന്തുകൊണ്ടാണ് ഇവരെ നേരത്തെ അറസ്റ്റ് ചെയ്ത് നീക്കിയില്ലെന്ന് അദ്ദേഹം ചോദിച്ചു. പോലീസാണ് എസ്എഫ്‌ഐക്കാർക്ക് സംരക്ഷണം നൽകുന്നത്. താൻ ഇവിടെ നിന്നും പോകില്ല. പോലീസ് തന്നെ നിയമം ലംഘിച്ചാൽ ആര് നിയമം സംരക്ഷിക്കുമെന്നും അദ്ദേഹം വിമർശിച്ചു. പ്രവർത്തകർക്കെതിരെ കേസ് എടുക്കാതെ പോകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Discussion about this post