കരിമ്പിൽ നിന്ന് നിർമ്മിക്കുന്ന രണ്ട് വസ്തുക്കളാണ് പഞ്ചസാരയും ശർക്കരയും.അത് കൊണ്ട് തന്നെ ഇവയിലേതാണ് ആരോഗ്യത്തിന് നല്ലത് എന്ന രീതിയിലുള്ള ചർച്ചകളും എന്നും സജീവമാണ്. പഞ്ചസാരയെ വെളുത്ത വിഷമെന്നും ശർക്കരയെ ബദൽ പരിഹാരിയെന്നും വിശേഷിപ്പിക്കുന്നു. ഇതിന് കാരണമെന്താവാം?
രണ്ടിനും ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് സത്യം. രണ്ടും ഉണ്ടാക്കുന്നത് കരിമ്പിൻ ജ്യൂസിൽ നിന്ന് തന്നെയാണ്. പഞ്ചസാര ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പ്രക്രിയയിൽ രാസവസ്തുക്കൾ ഉപയോഗിക്കും എന്നതാണ് ഇവയ്ക്കിടയിലെ പ്രധാന വ്യത്യാസം. കാലവസ്ഥയ്ക്ക് അനുസരിച്ച് മിതമായ അളവിൽ ഇവ രണ്ടും മാറിമാറി ഉപയോഗിക്കുന്നത് തന്നെയാണ് ആരോഗ്യപ്രദം. മഞ്ഞുകാലത്ത് ശർക്കരയും വേനൽക്കാലത്ത് പഞ്ചസാരയും ഉപയോഗിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും പഞ്ചസാര പോലെ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ ശർക്കരയുടെ ഗുണങ്ങളാണ് നല്ലത്.
പഞ്ചസാര ശരീരത്തിലേക്ക് പെട്ടെന്ന് ആഗീരണം ചെയ്യപ്പെടുന്നതിനാൽ വളരെ വേഗം ഗ്ലൂക്കോസ് വർധിക്കാൻ കാരണമാകാം. എന്നാൽ നീണ്ട സൂക്രോസ് ചെയ്‌നുകളുള്ള കോംപ്ലക്‌സ് ഷുഗറായ ശർക്കര പതിയെ മാത്രം ആഗീരണം ചെയ്യപ്പെടുന്നതിനാൽ ഗ്ലൂക്കോസ് തോതിൽ സന്തുലനം ഉണ്ടായിരിക്കും. ശർക്കരയിൽ ധാതുക്കൾ, വൈറ്റമിനുകൾ, ആൻറി ഓക്‌സിഡൻറുകൾ എന്നിവയും ധാരാളമുള്ളതിനാൽ ശരീരത്തിൻറെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഇത് നല്ലതാണ്. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്,പൊട്ടാസ്യം, വിറ്റാമിൻ-എ, സി, ബി, ഇ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ശർക്കര സഹായകരമാണെങ്കിലും, ഇത് നൽകുന്ന കലോറി പഞ്ചസാരയ്ക്ക് തുല്യമാണെന്ന് ഓർമ്മിക്കേണ്ടതാണ്. എന്തായാലും ഡയബറ്റിസ്, കൊളസ്‌ട്രോൾ പോലുള്ള അസുഖമുള്ളവർ സൂക്ഷിച്ച് മാത്രം ശർക്കര ഉപയോഗിക്കുക. ശർക്കര എത്ര ഉപയോഗിക്കാം എന്നുളള അളവൊക്കെ ഡോക്ടറോട് ചോദിച്ച് തീരുമാനിക്കുന്നതാണ് നല്ലത്.
Discussion about this post