പാലക്കാട്: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിന്റെ ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് ബിജെപി. രൺജിത്തിന് നീതിലഭിച്ചെന്ന് സംസ്ഥാന ബിജെപി ഘടകം വ്യക്തമാക്കി. പിഎഫ്‌ഐ ഭീകരരാൽ ക്രൂരമായി കൊലചെയ്യപ്പെട്ട സ്വർഗ്ഗീയ രൺജിത്ത് ശ്രീനിവാസന് നീതി. കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും അഭിഭാഷകസംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിൽ വിചാരണ നേരിട്ട 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിഷ്ഠൂരമായ ക്രൂരത നടത്തിയ ഇവർ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുടുംബത്തിന്റെ മുന്നിൽ വച്ചാണ് രൺജിത്തിനെ കൊലപ്പെടുത്തിയിരുന്നത്.
നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ.
Discussion about this post