വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കാനിടയായി സാഹചര്യത്തിൽ സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ശേഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, ഈ വിഷയം ചർച്ച ചെയ്യുന്നത് ഗുണത്തേക്കളേറെ ദോഷം ചെയ്യുമെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ വാദം. വനം മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വവനം വന്യജീവി സംരക്ഷണമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കെട്ട സർക്കാർ ആണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി. ഇത്രയേറെ നാളുകളായി വന്യജീവി ആക്രമണങ്ങൾ തടയാൻ എന്ത് നടപടിയാണ് സർക്കാർ എടുത്തത്?. സംസ്ഥാന സർക്കാർ വിഷയങ്ങളിൽ ഒരു നടപടിയും എടുക്കുന്നില്ല. നിങ്ങളുടെ നിഷ്‌ക്രിയത്തെ ആണ് ചോദ്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അതേസമയം, ആശയവിനിമയത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ഇന്റർ സ്റ്റേറ്റ് കോർഡിനേഷൻ സമിതി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ സാധ്യമായ എല്ലാം നിയമപരിധിയിൽ നിന്ന് ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post