വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് പേർ കസ്റ്റഡിയിൽ. നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 12 പേർക്ക് പുറമേ ആറ് പേരെ കൂടി പ്രതി ചേർത്തു. 18 പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 12 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ 18നായിരുന്നു നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ മൃതദേഹത്തിൽ രണ്ട് ദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിരുന്നു. സിദ്ധാർത്ഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 12 വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് എഫ്‌ഐആർ തിരുത്തി ഇവർക്കെതിരൈ റാഗിംഗ് നിരോധന നിയമവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു.
കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ് എന്നാണ് കണ്ടെത്തൽ. മകനെ കൊലപ്പെടുത്തിയവർ എസ്എഫ്‌ഐക്കാരാണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയും ചെയർമാനും ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും പിതാവ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post