വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന മൊഴികളുമായി അറസ്റ്റിലായ പ്രതികൾ. ഹോസ്റ്റലിൽ വിചാരണ നടക്കുന്നത്് പതിവാണെന്നാണ് പ്രതികൾ നൽകിയ മൊഴി. ഹോസ്റ്റൽ എസ്എഫ്‌ഐയുടെ വിദ്യാർത്ഥി കോടതിയാണ്. വിചാരണ നടപ്പാക്കി, പരാതികൾ അവിടെ തന്നെ തീർപ്പാക്കും. കോളേജ് അധികൃതരിലേക്കോ പോലീസിലേക്കോ ഒരു പരാതി പോലും എത്താൻ അനുവദിക്കില്ലെന്നും പ്രതികൾ വെളിപ്പെടുത്തി.
കേസിൽ ആറ് പേരാണ് ഇന്ന് കസ്റ്റഡിയിലായത്. നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 12 പ്രതികൾക്ക് പുറമേയാണ് ആറ് പേരെ കൂടി ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. കേസിൽ ഇരുപതോളം പ്രതികൾ ഉണ്ടെന്ന് ഡിവൈഎസ്പി ടി സജീവൻ അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായും ഡിവൈഎസ്പി വ്യക്തമാക്കി. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
എസ്എഫ്ഐ നേതാക്കളടക്കമുള്ള 12 പ്രതികളും ഇപ്പോഴും ഒളിവിലാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സിദ്ധാർത്ഥിന്റേത് കൊലപാതകമാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്. സിദ്ധാർത്ഥിന്റെ ശരീരത്തിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള പരിക്കുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയ്ക്കും താടിയെല്ലിനും മുതുകിലും ക്ഷതമേറ്റിട്ടുണ്ട്.
കഴിഞ്ഞ 18നായിരുന്നു നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ് എന്നാണ് കണ്ടെത്തൽ. മകനെ കൊലപ്പെടുത്തിയവർ എസ്എഫ്ഐക്കാരാണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയും ചെയർമാനും ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും പിതാവ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post