ഷിംല; ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ കോൺഗ്രസിനെ വെട്ടിലാക്കി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗിന്റെ പ്രസ്താവന. ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം കോൺഗ്രസ് പാർട്ടിയേക്കാൾ മികച്ചതാണെന്ന് അവർ പറഞ്ഞു. കോൺഗ്രസിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരു എംപി എന്ന നിലയിൽ ഞാൻ എന്റെ നിയോജകമണ്ഡലം സന്ദർശിക്കുകയും പ്രദേശവാസികളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നു. ബിജെപിയുടെ പ്രവർത്തനം നമ്മേക്കാൾ മികച്ചതാണ് എന്നത് സത്യമാണെന്ന് അവർ വ്യക്തമാക്കി.
തന്റെ സന്ദേശം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെ അറിയിച്ചിട്ടുണ്ടെന്നും സംഘടനയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിഭ സിംഗ് പറഞ്ഞു. ‘സംഘടനയെ ശക്തിപ്പെടുത്തിയാൽ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയൂ എന്ന് ആദ്യ ദിവസം മുതൽ മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. ഇത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്. ഞങ്ങൾ അവിടെ ദുർബലമായ നിലയിലാണ്. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സംഘടിക്കണമെന്നും ഞാൻ അദ്ദേഹത്തോട് വീണ്ടും വീണ്ടും അഭ്യർത്ഥിച്ചു. ഇത് ഒരു പ്രയാസകരമായ സമയമാണെന്ന് എനിക്ക് പറയാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം ഹിമാചൽ പ്രദേശിലെ കോൺഗ്രസിലുണ്ടായ പ്രശ്‌നപരിഹാരത്തിന് ആറംഗ സമിതി രൂപീകൃതമായി. തുടർ ചർച്ചകൾക്കും പ്രശ്‌നപരിഹാരത്തിനുമായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അദ്ധ്യക്ഷ എന്നിവരെ ചേർത്താണ് പുതിയ സമിതിയുണ്ടാക്കിയത്.കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്റെ ആറ് എംഎൽഎമാർ മറുകണ്ടം ചാടി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് ജയിപ്പിച്ചത്. പിന്നാലെ സുഖ്വിന്ദർ സിങ് സുഖു സർക്കാർ രാജിവെച്ചൊഴിയുന്നുവെന്ന അഭ്യൂഹം. തൊട്ടുപിന്നാലെയെത്തിയ നിഷേധക്കുറിപ്പ്. ഏറ്റവുമൊടുവിൽ അട്ടിമറി നീക്കം പരാജയപ്പെടുത്തി സഭ ബജറ്റ് പാസാക്കി പിരിഞ്ഞുവെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസിന് താൽക്കാലിക ആശ്വാസം. പാർട്ടി വിപ് ലംഘിച്ച് ബിജെപിക്കു വോട്ടു ചെയ്ത ആറ് എംഎൽഎമാരെയും സ്പീക്കർ കുൽദീപ് സിങ് പഥാനിയ അയോഗ്യരാക്കി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് 7 ദിവസം സമയം തേടിയിരുന്നെങ്കിലും ആറു പേരെയും അയോഗ്യരാക്കുകയായിരുന്നു.
രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്.
എം.എൽ.എമാർക്ക് ഭരണകക്ഷിയിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി വിലയിരുത്തി. അയോഗ്യരാക്കപ്പെട്ട ആറ് എം.എൽ.എമാരെ ഒഴിവാക്കിയാൽ 62 അംഗ സഭയിൽ കോൺഗ്രസിന് 34 എം.എൽ.എമാരാണുള്ളത്.കോൺഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എം.എൽ.എമാരും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നു.
Discussion about this post