വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർത്ഥ് മരിച്ച ദിവസം സർവകലാശാല വിസി എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ട് പുറത്ത്. മരണവിവരം അറിഞ്ഞിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ വിസി തയ്യാറായില്ല. കോളേജിൽ പ്രൊമോഷൻ അഭിമുഖങ്ങൾ നടത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം. സിദ്ധാർത്ഥ് മരിച്ച വിവരമറിഞ്ഞിട്ടും അഭിമുഖം മാറ്റിവക്കാൻ വിസി തയ്യാറായില്ല. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാമ്പസിൽ നിന്നും പോയതെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മർദ്ദനത്തിന്റെ വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർത്ഥിന്റെ ഫോണും പ്രതികൾ പിടിച്ചു വച്ചിരുന്നു. പിന്നീട് ഫോൺ തിരികെ കൊടുത്തത് 18ന് രാവിലെയാണ്. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടൈത്തുന്നതിന് മുൻപ് അവസാനമായി വീട്ടുകാർ സിദ്ധാർത്ഥിനോട് സംസാരിക്കുന്നത് 16ന് ഉച്ചയോടെയാണ്. പിന്നീട് പലതവണ സിദ്ധാർത്ഥിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 17നും ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ സിദ്ധാർത്ഥ് കിടക്കുകയാണെന്നും കുഴപ്പമൊന്നും ഇല്ലെന്നും പറഞ്ഞു. ഈ സമയമെല്ലാം ഫോൺ പ്രകിളുടെ കയ്യിലായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, സിദ്ധാർത്ഥിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയത് ആളു മാറിയെന്നാണ് പ്രതികളിൽ ചിലർ മൊഴി നൽകിയിരിക്കുന്നത്. ക്ലാസിൽ മറ്റ് സിദ്ധാർത്ഥുമാരും ഉണ്ടായിരുന്നു ഫോൺ നമ്പർ മാറി പോയതാണ് എന്നും ചില പ്രതികൾ മൊഴി നൽകിയതായാണ് വിവരം.
Discussion about this post