തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് സൈബർ സെൽ. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്.
വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായാണ് സംശയം. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നുണ്ട്.
ഇന്നലെയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിന് തൊട്ട് പിന്നാലെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കാൻ ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ സംവിധായകൻ ബ്ലസി പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും, സൈബർ പോലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്‌ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും പോലീസിന് മുൻപാകെ അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്ത് കണ്ടവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന.
Discussion about this post