തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഗോഹട്ടിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് നാട്ടിൽ എത്തിക്കുന്നത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇറ്റാനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോഹട്ടിയിലേക്ക് മാറ്റിയത്.
രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭ്യമാകൂ. മൂന്ന് പേരുടെയും ശരീരത്തിൽ ബ്ലേയ്ഡ് കൊണ്ട് വരഞ്ഞ പാടുകൾ ഉണ്ട്. ഇതിൽ നിന്നും രക്തം വാർന്നാണ് മരണം. രണ്ട് സ്ത്രീകളെയും ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്താണ് എന്നാണ് സൂചന. മൂന്ന് പേരും ബ്ലാക്ക് മാജിക്കിൽ ആകൃഷ്ടരായിരുന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിൽ അരുണാചൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായി പോലീസ് അറിയിച്ചു. ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പരിശോധിച്ചുവരികയാണ്.
Discussion about this post