കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിത് സ്റ്റീൽ ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച തുരുമ്പിച്ച ആണി, മെറ്റൽ ചീളുകൾ, കുപ്പിച്ചില്ല്, എന്നിവ പോലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നും ഏഴോളം ബോംബുകളും പിടിച്ചെടുത്തു.
രാവിലെ കേസിലെ പ്രതിയും സിപിഎം പ്രവർത്തകനുമായ ഷബിൻ ലാലുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലാണ് ബോംബും സാമഗ്രികളും കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ. മതിലിൽ തുളയിട്ടായിരുന്നു സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. ഇവയ്ക്ക് പുറമേ പരിശോധനയിൽ വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.
ദിവസങ്ങളായി പ്രദേശത്ത് പ്രതികൾ ചേർന്ന് ബോംബുകൾ നിർമ്മിച്ച് പോന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ മതിലിൽ ഒളിപ്പിച്ച നിലയിൽ നാല് ബോംബുകൾ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ബോംബുകൾ പിടിച്ചെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് സംഭവത്തിലെ പ്രതികൾ. ദിവസങ്ങളായി പ്രതികൾ ഇവിടെ ബോംബ് നിർമ്മിച്ചുവരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത് ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം.
Discussion about this post