കഴിഞ്ഞ 75 വർഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയ്ക്കും മഴക്കെടുതിക്കും സാക്ഷ്യം വഹിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഒമാനും അടക്കമുള്ള രാഷ്ട്രങ്ങളിൽ കനത്ത മഴയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വിമാനത്താവളങ്ങൾ അടച്ചതോടെ നാട്ടിലേക്ക് വരാൻ ആവാതെ പ്രവാസികൾ പലരും കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു പ്രവാസി എഴുതിയ അനുഭവക്കുറിപ്പ് ആണ്. വലിയ ദുരന്തം ആകേണ്ടിയിരുന്ന ഒരു വിമാനാപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവമാണ് സാലിഹ് ജുമാലിസ് എന്ന വ്യക്തി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സാലിഹ് ജുമാലിസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഒരു വിമാന ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള അവസാനത്തെ യാത്രയാകുമായിരുന്നു ഇത്.
ഏപ്രിൽ 16,2024. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ൽ നിന്ന് ഉച്ചയ്ക്ക് 12.10 ന് കൊച്ചിയിലേക്ക് പറക്കേണ്ടതായിരുന്നു SpiceJet ന്റെ SG-17 എന്ന ഫ്ലൈറ്റ്. പക്ഷേ കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യം ഒരു മണിക്കൂർ വൈകി എന്നുള്ള വിവരം നൽകുന്നു. 1.15ന് ഫ്ലൈറ്റ് പുറപ്പെടുമെന്നുള്ള അറിയിപ്പ് ലഭിക്കുന്നു. ഏകദേശം രണ്ടു മണിയോടുകൂടി ഫ്ലൈറ്റ് ഞാൻ ഉൾപ്പെടെയുള്ള യാത്രക്കാരെ കയറ്റി പുറപ്പെടാൻ തയ്യാറെടുക്കുന്നു. പക്ഷേ അല്പസമയത്തിനകം ഫ്ലൈറ്റിന്റെ എൻജിൻ ഓഫ് ചെയ്യുന്നു. ശേഷം മൈക്കിൽ ക്യാപ്റ്റന്റെ അറിയിപ്പ്. “പ്രതികൂല കാലാവസ്ഥ ആയതിനാൽ ഫ്ലൈറ്റ് പുറപ്പെടാൻ അല്പം വൈകും”. അപ്പോഴും മനസ്സ് മന്ത്രിച്ചു “അല്പം വൈകുന്നത് കൊണ്ട് തെറ്റില്ല” safety മുഖ്യം ബിജിലെ. അങ്ങനെ 2 മണി, 3 ആകുന്നു,4 ആകുന്നു,5 ആകുന്നു, പുറത്തേക്ക് നോക്കുമ്പോൾ ഗ്രൗണ്ട് ആറാകുന്നു.പിന്നീട് ക്യാപ്റ്റന്റെ സൗണ്ട് കേൾക്കുന്നത് ഒരിക്കൽ കൂടിയാണ് . അദ്ദേഹം പ്രാർത്ഥിക്കുവായിരുന്നോ, കണക്ക് കൂട്ടുകയായിരുന്നോ എന്ന് അറിയില്ല.
യാത്രക്കാരിൽ ചിലർക്ക് ക്ഷമ കെട്ടു തുടങ്ങി.Cabin crew നോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു ‘ഫ്ലൈറ്റ് എന്തായാലും പുറപ്പെടും.ഫ്ലൈറ്റ് ഇന്ത്യയിൽ തിരിച്ച് ഇറക്കിയേ മതിയാകൂ എന്ന്. അപ്പോൾ ഒരു ആശ്വാസം തോന്നി. എന്തായാലും പോകുമെല്ലോ എന്ന് കരുതി.പക്ഷെ പുറത്ത് വെള്ളത്തിന്റെ അളവ് കൂടി കൂടി വന്നു. വിചനമായ ഒരു ദ്വീപിൽ പെട്ടുപോയ ഒരു പ്രതീതിയായിരുന്നു. എല്ലാവരുടെയും ഫോണുകൾ തുരു തുരാ ശബ്‌ദിക്കുന്നു. പക്ഷെ എല്ലാവരും ‘വിട്ടില്ല’എന്ന് ഒറ്റ വാക്കിൽ മറുപടി പറഞ്ഞ് വെക്കുന്നു.ഇടയ്ക്ക് കുട്ടികൾ കരയുന്നു, ക്യാപ്റ്റൻ
A/c on ചെയ്യുന്നു. കരച്ചിൽ നിർത്തുമ്പോൾ എഞ്ചിൻ off ചെയ്യും. ഇതു തന്നെ പുള്ളിയുടെ പരിപാടി.സമയം സന്ധ്യ ആകുന്നു. ക്യാപ്റ്റന് തീരുമാനം ഒന്നും എടുക്കാൻ കഴിയാതെ ഇരിക്കുന്നു. ഇതേ സമയം മറ്റ് വിമാനങ്ങൾ താഴുന്നുമുണ്ട്, പൊങ്ങുന്നുമുണ്ട്.
ഫ്ലൈറ്റിൽ കയറിയിട്ട് 5 മണിക്കൂർ ആകുന്നു. ആളുകൾ ബഹളം വെച്ച് തുടങ്ങി. ഒന്നുകിൽ ബ്രിഡ്ജ് വഴി പുറത്തിറക്കുക. ഇല്ലെങ്കിൽ take off ചെയ്യുക. ഒടുവിൽ cabin crew ക്യാപ്റ്റന് റിപ്പോർട്ട് ചെയ്യുന്നു. ബ്രിഡ്ജിന് request ചെയ്യുന്നു. ഇപ്പോൾ കുറച്ച് ആശ്വാസം വന്നെങ്കിലും പോകാൻ പറ്റുമോ ഇല്ലയോ എന്ന ആവലാതി ആയി.5 മിനിറ്റ് ആകുന്നതിനു മുൻപ് ഒരു announcement. “Ladies and gentleman, we are going to take off “ഹോ! ഒടുവിൽ കുറ്റസമ്മതം നടത്തി”.
അങ്ങനെ പതിയെ വിമാനം നീങ്ങിതുടങ്ങി. റൺവേയിലേക്ക് എത്താൻ ഒരു മണിക്കൂർ വേണ്ടി വന്നു. പുറത്ത് ശക്തമായ മഴയും,കാറ്റും, മിന്നലും. ഇനി ക്യാപ്റ്റന്റെ ഊഴം. മഴ ഒരല്പം ശമിക്കുവാൻ അദ്ദേഹം കാത്തിരുന്നു. അപ്പോഴാണ് അറിയുന്നത്. ദുബായ് എയർപോർട്ട് താത്കാലികമായി അടച്ചു എന്ന്.അപ്പോഴേക്കും ഞങ്ങളുടെ വിമാനം റൺവേയിൽ കേറിയിരുന്നു. ഇനി ക്യാപ്റ്റൻ ന്റെ call ആണ്. അദ്ദേഹം മഴയും കാറ്റും ഒരല്പം ശമിച്ചപ്പോൾ തന്റെ ലിവർ ചലിപ്പിച്ചു തുടങ്ങി. വളരെ smooth ആയിട്ട് പറന്നുയരുന്നത് കണ്ടപ്പോൾ സമാധാനം ആയി.
എന്നാൽ ആ സമാധാനം അധികം നീണ്ടു നിന്നില്ല. കാറ്റും മഴയും ശക്തി പ്രാപിച്ചു.ഇടിയും മിന്നലും വരിഞ്ഞു മുറുക്കി. പെട്ടെന്ന് ഫ്ലൈറ്റിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു. ഇരു വശത്തേക്കും ആടിയുലയുന്നു. ഇടയ്ക്ക് താഴേക്ക് പോകുന്നു. വിമാനത്തിന്റെ പല ഭാഗത്ത് നിന്നും ഇടിമുഴക്കങ്ങൾ കേൾക്കുന്നു.എല്ലാം അവസാനിക്കാൻ പോകുന്നു.ഫ്ലൈറ്റ് തകർന്നു വീഴുമെന്നുള്ള നിലയിലാണ് പോക്ക്.എന്റെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ ഞാൻ ആദ്യം ഒന്ന് തലോടി. പിന്നീട് ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി.ഒരു നിമിഷം കൊണ്ട് ഒരു ആയുഷ്കാലം പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തു. പിന്നീട് ഇരു കണ്ണുകളും മുറുക്കി അടച്ചു. മരണം ആഗതമാകുമ്പോൾ ചൊല്ലാനുള്ളതെല്ലാം ചൊല്ലി. ഫ്ലൈറ്റിൽ ചിലർ നിലവിളിക്കാൻ തുടങ്ങി, മറ്റുചിലർ ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി. അപ്പോഴും ക്യാപ്റ്റൻ ഒന്നും മിണ്ടിയില്ല. ഒരു ആശ്വാസ വാക്കുപോലും. വീണ്ടും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ അപ്പോൾ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു. മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഉള്ള് വിതുമ്പി. ആകാശത്തിലുള്ളവന് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കൂ. അവനോട് കേണ് അപേക്ഷിച്ചു. മനസ്സിൽ ഒരുപാട് മുഖങ്ങൾ, ചിത്രങ്ങൾ, ഓർമ്മകൾ മിന്നി മറയുന്നുണ്ടായിരുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശയായി മാറുന്നു.അന്നുവരെ എടുത്ത തെറ്റായ തീരുമാനങ്ങൾ ഉള്ളിൽ കുറ്റബോധം നിറയ്ക്കുന്നു.
ക്യാപ്റ്റന്റെ ഒരു വാക്കിനു വേണ്ടി വീണ്ടും കാതോർത്തു. പക്ഷെ അദ്ദേഹം ഒന്നുമേ പറഞ്ഞില്ല. അപ്പോൾ വീണ്ടും ഉറപ്പിച്ചു നമ്മുടെ വിമാനം എതോ മരുഭൂമിയിൽ പതിക്കാൻ പോകുകയാണെന്ന്. ഹൃദയമിടിപ്പ് കൂടുന്നു. കണ്ണുകൾക്ക് കാഴ്ച മങ്ങുന്നു. കൈ കാലുകൾ വിറക്കുന്നു. ചുണ്ടുകൾ വരണ്ടുണങ്ങുന്നു. മരണം മുഖാമുഖം നിൽക്കുന്നു.
നഷ്ടബോധത്തിന്റെ പടുകുഴിയിൽ നിരാശയുടെ കാർമേഘം മൂടി നിൽക്കുമ്പോഴാണ് ഒരു തരി പ്രതീക്ഷയുടെ തുള്ളിയായി പടച്ചവന്റെ കരങ്ങൾ ഞങ്ങളെ താങ്ങി നിർത്തിയത് . അതെ,ക്യാപ്റ്റന് വിമാനത്തിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നു.മനസ്സിൽ അതുവരെ ചിന്തിച്ച് കൂട്ടിയതെല്ലാം വെറും ഒരു ദുസ്സ്വപ്നമായി മാറുന്നു.
ക്യാപ്റ്റൻ,നിങ്ങൾ സംസാരിക്കാത്തത്തിൽ ഞങ്ങൾക്ക് പരിഭവം ഇല്ല. കാരണം,നിങ്ങളുടെ മനസ്സിൽ ഞങ്ങളുടെ ജീവൻ മാത്രമായിരുന്നിരിക്കണം ചിന്ത.നിങ്ങളുടെ ആത്മവിശ്വാസവും,ഒരുപാട് പേരുടെ പ്രാർത്ഥനയുമാണ് ഒരു മഹാ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
-Salih Jamalis-
Discussion about this post