കർണാടകയിൽ രണ്ട് ഘട്ടമായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26ന് കന്നഡ നാട്ടിലെ പതിനാല് മണ്ഡലങ്ങളും മെയ് 7ന് ബാക്കി വരുന്ന പതിനാല് ലോക്സഭാ സീറ്റുകളും പോളിംഗ് ബൂത്തിലേക്ക് പോകും. ആകെ 28 ലോക്സഭാ സീറ്റുകളാണ് കർണാടകയിലുള്ളത്. 2019ൽ സംസ്ഥാത്തെ 28 ലോക്സഭാ സീറ്റുകളിൽ 25ഉം ബിജെപിയാണ് ജയിച്ചത്. കോൺഗ്രസും ജെഡിഎസും ഓരോ സീറ്റിൽ വീതം ജയിച്ചപ്പോൾ മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി സുമലത അംബരീഷ് ജയിച്ചു കയറുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് കർണാടകയിൽ നിലവിൽ. കഴിഞ്ഞ വർഷം മെയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാർ ഒന്നാം വാർഷിക ആഘോഷിക്കുന്നതിന് ഒരുമാസം മുൻപാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നത്. ദേശീയ തലത്തിൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് പ്രകടനം മെച്ചപ്പെടണമെങ്കിൽ കോൺഗ്രസിന് കർണാടകയിൽ നിന്ന് ഇക്കുറി കൂടുതൽ സീറ്റുകൾ നേടണമെന്നത് അനിവാര്യമാണ്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400ലധികം സീറ്റുകളാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വടക്കൻ-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്ന് 2019ൽ പരമാവധി സീറ്റുകൾ നേടിയതിനാൽ വലിയ ലക്ഷ്യം എത്തിപ്പിടിക്കാൻ ബിജെപി ഇത്തവണ ഉന്നമിടുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ദക്ഷിണ ഭാരതത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമായ കർണാടകയിൽ നിന്ന് പരമാവധി സീറ്റുകൾ ജയിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നയിക്കുന്ന കർണാടകയിലെ കോൺഗ്രസിനെ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്നത് ഒറ്റയ്ക്കല്ല. ബിജെപിയും ജെഡിഎസും സഖ്യമായാണ് മത്സരിക്കുന്നത്. ബിജെപി 25 സീറ്റുകളിലും ജെഡിഎസ് 3 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.
ബിജെപി-ജെഡിഎസ് കൂട്ടുകെട്ട് കർണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമോ? ഇരു പാർട്ടികൾക്കുമിടയിൽ വോട്ടുകൈമാറ്റം സുഖമമായി നടക്കുമോ? ബിജെപി-ജെഡിഎസ് സഖ്യം നിലവിൽ വന്നത് ഓൾഡ് മൈസൂർ മേഖലയിൽ കോൺഗ്രസിന് തിരിച്ചടി സമ്മാനിക്കുമോ?
മുൻപ് ബിജെപിക്കൊപ്പവും പിന്നീട് കുറച്ച് കാലം കോൺഗ്രസിന്റെ കൂടെയും കർണാടക ഭരിച്ച എച്ച് ഡി കുമാരസ്വാമി നയിക്കുന്ന ജെഡിഎസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ജനതാദൾ എസിന് 13 ശതമാനം വോട്ടും 19 സീറ്റുകളും മാത്രമാണ് ലഭിച്ചത്. എന്നാൽ 2018ൽ ജെഡിഎസ് 18 ശതമാനം വോട്ടും 37 സീറ്റുകളും നേടിയിരുന്നു. പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂർ മേഖലയിലെ വൊക്കലിഗ വോട്ടുകളിൽ ഒരു വിഭാഗവും മുസ്ലിം വോട്ടുകളും കോൺഗ്രസിലേക്ക് ഒഴുകിയതാണ് കുമാരസ്വാമിയുടെ പാർട്ടിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്ഷീണം ഉണ്ടാക്കിയത്.
കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ കരനീക്കങ്ങൾ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ജെഡിഎസിന് വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു. വൊക്കലിഗ സമുദായക്കാരനായ ഡി കെ ശിവകുമാറിന്റെ ഇടപെടലുകൾ കാരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ വോട്ട് ബാങ്കിൽ വലിയ വിള്ളൽ വീണിരുന്നു. കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ വൊക്കലിഗ നേതാക്കളെ അടർത്തി മാറ്റി ജെഡിഎസിനെ വിഴുങ്ങാൻ ഡി കെ ശിവകുമാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പാർട്ടിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ ഈ സാഹചര്യത്തിലാണ് കർണാടകയിൽ ബിജെപിയുമായി കൂട്ടുകൂടാൻ ജെഡിഎസ് തീരുമാനിച്ചത്.
ജെഡിഎസിനെ ബിജെപി കൂടെ കൂട്ടിയത് വ്യക്തമായ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ്.
സഖ്യം വഴി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ പ്രതീക്ഷിക്കുന്ന 10 ശതമാനത്തിലധികം വരുന്ന വോട്ടിൽ മാത്രമല്ല ബിജെപിയുടെ കണ്ണ്. ഭാവിയിൽ കർണാടകയിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരാനുള്ള അടിത്തറയിടുക എന്നതാണ് ദേവ ഗൗഡയുടെ പാർട്ടിയുമായുള്ള ചങ്ങാത്തം വഴി ബിജെപി പദ്ധതിയിടുന്നത്.
സംസ്ഥാനത്തെ മുംബൈ കർണാടക, ഹൈദരാബാദ് കർണാടക, മലനാട്, തീരദേശ കർണാടക, ബംഗളൂരു മേഖലകളിൽ ബിജെപിക്ക് വ്യക്തമായ സ്വാധീനമുണ്ടെങ്കിലും ഓൾഡ് മൈസൂർ മേഖലയിൽ പാർട്ടി ഇപ്പോഴും കോൺഗ്രസിനും ജെഡിഎസിനും പിന്നിലാണ്.
കർണാടകയിൽ മൂന്ന് തവണ അധികാരത്തിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. വൊക്കലിഗ ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഓൾഡ് മൈസൂർ മേഖലയിൽ ശക്തിയാർജ്ജിച്ചാൽ
ഭാവിയിൽ കേവല ഭൂരിപക്ഷം സ്വന്തമാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്. അംഗ സംഖ്യയിലും സ്വാധീനത്തിലും കർണാടകയിലെ രണ്ട് പ്രബല ഹിന്ദു സമുദായങ്ങളാണ് ലിംഗായത്തുകളും വൊക്കലിഗരും. ജെഡിഎസുമായുള്ള സഖ്യം വഴി ബിജെപിയോട് അൽപ്പം അകന്നു നിൽക്കുന്ന വൊക്കലിഗ വിഭാഗവുമായി കൂടുതൽ അടുക്കാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു.
ബിജെപി-ജെഡിഎസ് സഖ്യം ഓൾഡ് മൈസൂർ മേഖലയിൽ മികച്ച ഒത്തിണക്കം പ്രകടമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജെഡിഎസ് തലവൻ എച്ച് ഡി കുമാരസ്വാമിയും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയും സംയുക്തമായി പങ്കെടുക്കുന്ന റോഡ് ഷോകളിലും പ്രചാരണ പരിപാടികളിലും വൻ ജനക്കൂട്ടമാണ് എത്തുന്നത്. ബിജെപിയുടെ കാവിയും ജെഡിഎസിന്റെ പച്ചയും നന്നായി ഇഴുകി ചേരുന്ന കാഴ്ചയാണ് എവിടെയും. എതിരാളികളായ ബിജെപിയും ജെഡിഎസും വൈരം മറന്ന് ഒന്നിച്ചപ്പോൾ സഖ്യം താഴെ തട്ടിൽ ഫലവത്താകുമോ എന്ന സംശയം ആദ്യഘട്ടത്തിൽ ഇരു പാർട്ടികൾക്കും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ ആശങ്ക നിലനിൽക്കുന്നില്ലെന്നാണ് കർണാടകയിൽ നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ട്.
ഇരു പാർട്ടികളുടെയും അണികൾ സഖ്യത്തിന്റെ വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കുകയാണ്. ജെഡിഎസിന്റെ വേദികളിൽ വരെ ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. മേഖലയിലെ ബിജെപി-ജെഡിഎസ് കൂട്ടുകെട്ട് മൈസൂരുകാരനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ച് കൂടുതൽ പ്രതീക്ഷയുള്ള മണ്ഡലങ്ങൾ ഓൾഡ് മൈസൂർ മേഖലയിലാണ്. ഇവിടെ തിരിച്ചടി നേരിട്ടാൽ പ്രദേശത്ത് നിന്നുള്ള സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഒരുപോലെ ക്ഷീണമാകും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 51 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. ഇതിന് ശേഷം 2023ൽ കോൺഗ്രസിനോട് പരാജയപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ബിജെപി 36 ശതമാനം വോട്ട് നേടിയിരുന്നു. പൊതുവെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായ ജനവിധിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടക നൽകാറ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വലിയ ജനപ്രീതി കർണാടകയിൽ ബിജെപിയുടെ വോട്ടു വിഹിതം നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനൊപ്പം ഏറ്റവും ചുരുങ്ങിയത് 10 ശതമാനമെങ്കിലുമുള്ള ജെഡിഎസിന്റെ വോട്ടുകൾ ബിജെപിയിലേക്ക് ട്രാൻസ്ഫറായാൽ കർണാടകയിൽ കഴിഞ്ഞ തവണത്തെ ഫലം തന്നെ ആവർത്തിക്കാനാണ് സാധ്യത.
ശക്തി കേന്ദ്രങ്ങളായ ഹസൻ, മാണ്ഡ്യ, തുംകൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാത്രമല്ല ഷിമോഗ ഉൾപ്പെടെയുള്ള മധ്യ കർണാടകയിലെ മണ്ഡലങ്ങളിലും വടക്കൻ കർണാടകയിലെ പല പ്രധാന ലോക്സഭാ സീറ്റുകളിലും ചെറുതല്ലാത്ത സ്വാധീനവും വോട്ടും ജെഡിഎസിനുണ്ട്. ഈ മണ്ഡലങ്ങളിൽ എല്ലാം ജെഡിഎസിന്റെ അധിക വോട്ട് ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ സുരക്ഷിതമാക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ മുസ്ലിം വോട്ടുകൾ ഒന്നടങ്കം കോൺഗ്രസിലേക്ക് ഒഴുകിയിരുന്നു. ബിജെപിയെ കർണാടകയിൽ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസിനെ കഴിയൂ എന്ന കണക്കുകൂട്ടലിലായിരുന്നു മുസ്ലിങ്ങൾ ജെഡിഎസിനെ കയ്യൊഴിഞ്ഞത്. അത് കൊണ്ട് തന്നെ ബിജെപിയുമായുള്ള സഖ്യം മുസ്ലിം വോട്ടുകൾ നഷ്ടപ്പെടുത്തുമെന്ന ഭയം ഇക്കുറി ജെഡിഎസിനില്ല. മുസ്ലീം വോട്ടുകൾ മുഴുവനും കോൺഗ്രസിലേക്ക് പോയതായി പാർട്ടി നേതാവ് കുമാരസ്വാമി തന്നെ സമ്മതിച്ചിരുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ, ഹസൻ, കോലാർ എന്നീ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് ജെഡിഎസ് മത്സരിക്കുന്നത്. ബാംഗ്ലൂർ റൂറലിൽ ജെഡിഎസ് സ്ഥാപകൻ എച്ച് ഡി ദേവഗൗഡയുടെ മകളുടെ ഭർത്താവ് ഡോ. മഞ്ജുനാഥ് ബിജെപി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയിൽ എച്ച് ഡി കുമാരസ്വാമിയാണ് സ്ഥാനാർത്ഥി. കുമാരസ്വാമി ജയിച്ചാൽ കേന്ദ്ര മന്ത്രിസ്ഥാനം നൽകാമെന്ന വാഗ്ദാനമാണ് ബിജെപി നൽകിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഉപരി 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് ജനതാദൾ എസിന്റെ മനസിലുള്ളത്. കോൺഗ്രസ് ഉയർത്തുന്ന കനത്ത ഭീഷണി അതിജീവിക്കാൻ ബിജെപിയുടെ കൂടെ നിന്നാൽ സാധിക്കുമെന്നാണ് ജെഡിഎസ് പ്രതീക്ഷിക്കുന്നത്. എന്തായാലും, ബിജെപി-ജെഡിഎസ് സഖ്യം കൊണ്ട് ഇരു പാർട്ടികൾക്കും ഗുണം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Discussion about this post