ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും പാക് അധിനിവേശ കശ്മീരിലും പാകിസ്താന്റെ നിഴലായി നിന്ന് ആധിപത്യം ഉറപ്പിക്കുകയാണ് ചൈന. പാകിസ്താന്റെ അടുത്ത സുഹൃത്തും പ്രധാന സഖ്യകക്ഷിയും ആയ ചൈന കഴിഞ്ഞ മൂന്നു വർഷത്തോളമായി നിയന്ത്രണ രേഖയിലെ പാകിസ്താൻ സൈന്യത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് ഇന്ത്യയെ വെല്ലുവിളിക്കാൻ ആയുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇതിനായി യുദ്ധോപകരണങ്ങളും ആധുനിക റഡാർ സംവിധാനങ്ങൾ അടക്കമുള്ളവയും ചൈന പാകിസ്താന് വിതരണം ചെയ്തിട്ടുണ്ട്.
സ്റ്റീൽഹെഡ് ബങ്കറുകൾ പോലെയുള്ള നിയന്ത്രണ രേഖയിലെ മികച്ച സംവിധാനങ്ങൾ നിർമ്മിച്ചു നൽകുക, വ്യോമ യുദ്ധ വാഹനങ്ങളുടെ വിതരണം, ഉയർന്ന എൻക്രിപ്റ്റഡ് കമ്മ്യൂണികേഷൻ ടവറുകൾ സ്ഥാപിക്കുക, ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കുക എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളാണ് ചൈന പാകിസ്താനായി ചെയ്തു നൽകുന്നത്. പാകിസ്താൻ എന്ന സുഹൃത്തിനോടുള്ള സ്നേഹം അല്ല ഈ സഹായങ്ങളുടെ ഒക്കെ കാരണം, പാക് അധിനിവേശ കശ്മീരിൽ വലിയതോതിലുള്ള നിക്ഷേപങ്ങളാണ് ചൈന നടത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഈ മേഖല കൈവിട്ടു പോകാതിരിക്കേണ്ടത് ചൈനയുടെ കൂടി ആവശ്യമാണ്. ഇതിനായി ലിപാ താഴ്വരയിൽ നിന്നും കാരക്കോറം ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു തുരങ്ക പാതയും ചൈനയുടെ നിയന്ത്രണത്തിൽ നടക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ.
ചൈനയുടെ അനധികൃത അധിനിവേശ പ്രദേശത്താണ് കാരക്കോറം ഹൈവേ സ്ഥിതിചെയ്യുന്നത്. ഇതിലൂടെ തുരങ്കപാത നിർമ്മിച്ച് പാകിസ്താനിലെ ഗ്വാദർ തുറമുഖത്തിനും ചൈനയിലെ സിൻജിയാങ് പ്രവിശ്യക്കും ഇടയിലായി ഒരു നേരിട്ടുള്ള പാത സ്ഥാപിക്കാൻ 46 ബില്യൺ ഡോളർ ആണ് ചൈന ചിലവഴിക്കുന്നത്. കൂടാതെ നിയന്ത്രണ രേഖയ്ക്ക് സമീപമായി ടവറുകൾ സ്ഥാപിക്കുക, ഭൂഗർഭ ഫൈബർ കേബിളുകൾ സ്ഥാപിക്കുക എന്നീ കാര്യങ്ങൾക്കും പാകിസ്താന് ചൈന സഹായം നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടാതെ ചൈനയുടെ നൂതന റഡാർ സംവിധാനങ്ങൾ ആയ ജെവൈ, എച്ച്ജിആർ സീരീസ് എന്നിവ പോലെയുള്ളവയും ചൈന നിയന്ത്രണ രേഖയിൽ വിതരണം ചെയ്തതായി പറയപ്പെടുന്നു.
ചൈനീസ് ആയുധങ്ങളും ഈയിടെയായി പാക് സൈന്യത്തിന്റെ കൈവശം ധാരാളമായി കാണപ്പെടുന്നുണ്ട്. നിയന്ത്രണ രേഖയിലെ വിവിധ സ്ഥലങ്ങളിൽ ചൈനയുടെ 15mm ട്രക്ക് മൗണ്ടഡ് ഹോവിസ്റ്റർ ഗൺ ആയ SH-15 ന്റെ സാന്നിധ്യം ഇന്ത്യൻ സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാക് അധിനിവേശ കശ്മീർ കൂടാതെ ഗിൽജിത്, ബാൾട്ടിസ്ഥാൻ എന്നീ മേഖലകളിലും ചൈന തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സ്ഥിതിഗതികൾ നിലനിൽക്കുന്നതിനാൽ അതിർത്തിക്ക് അപ്പുറത്തുനിന്നും ഉയർന്നുവരുന്ന ഇരു രാജ്യങ്ങളുടെയും ഭീഷണികൾ തടയാനായി തങ്ങൾ കൂടുതൽ ജാഗരൂകരായി തയ്യാറെടുക്കുന്നതായാണ് ഇന്ത്യൻ സൈന്യം ഈ വിഷയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post