തൃശ്ശൂർ: ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്നും നെഞ്ചുപൊട്ടി കരഞ്ഞാണ് ബിജെപിയിലേക്ക് പോയത്. മനസ്സിൽ സങ്കടവും അപമനവും കൊണ്ട് പൊട്ടിക്കരഞ്ഞിരുന്നു. അമ്മയുടെയും അച്ഛന്റെയും അടുത്ത് നിന്ന് പോയത്. അതുകൊണ്ട് തന്നെയാണ് വീട്ടിൽ നിന്നും മാദ്ധ്യമങ്ങളെ കാണാനുള്ള തീരുമാനം.
എന്റെ സങ്കടങ്ങൾ എന്റെ പ്രസ്ഥാനത്തിലുള്ള നേതാക്കന്മാരോട് പറഞ്ഞിരുന്നു. മുൻപിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നാൽ ആരും ചൈവിക്കൊണ്ടില്ല. ഇതേ തുടർന്നാണ് എല്ലാം അവസാനിപ്പിച്ച് ബിജെപിയിലേക്ക് പോയത്. ബിജെപി എന്ന പ്രസ്ഥാനത്തെക്കുറിച്ച് കേട്ടകാര്യങ്ങൾ അല്ല ഉള്ളിൽ വന്നപ്പോൾ അനുഭവിച്ചത്. വർഗ്ഗീയ പാർട്ടിയെന്നായിരുന്നു ബിജെപിയെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കോൺഗ്രസ് ആണ് വർഗ്ഗീയതയുടെ രാഷ്ട്രീയം കളിക്കുന്നത്. ജാതി മതത്തിന്റെ പേര് പറഞ്ഞ് ആളുകൾക്കിടയിൽ ഭയം ഉണ്ടാക്കുന്നു. എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ ബിജെപി അധികാരത്തിൽ വന്നാൽ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന തരത്തിൽ ഒരു വിഭാഗത്തെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. ഒരു സമൂഹത്തെ കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നുവെന്നും പത്മജ പറഞ്ഞു.
എബി വാജ്‌പേയ് ഇന്ത്യ ഭരിച്ചിരുന്നപ്പോൾ ആർക്കെങ്കിലും ഇവിടെ നിന്നും പോകേണ്ട അവസ്ഥ വന്നിട്ടുണ്ടോ?. ആളുകളെ പരസ്പരം തമ്മിലടിക്കുന്നത് കോൺഗ്രസ് ആണ്. കോൺഗ്രസിന് ദേശീയ തലത്തിൽ 230 സീറ്റ് കിട്ടി. എന്നാൽ ഇതിൽ 30 ഓളം സീറ്റ് മമതയുടെ ആണെന്നാണ് തന്റെ അറിവ്. മമത ഇൻഡി സഖ്യത്തിന്റെ ഭാഗം അല്ല. അധികാരത്തിൽ വരണം എങ്കിൽ മാത്രമേ മമത ഒപ്പം ചേരൂ. പിന്നെ ഈ 200 സീറ്റുകളും വച്ച് എങ്ങനെ ഇൻഡി ഭരിക്കാനാണ്. സഹോദരന്റേത് മാന്യമായ തോൽവിയല്ല. തൃശ്ശൂർ ആര് കുഴിയിൽ ചാടിച്ചുവെന്ന് മുരളീധരൻ തന്നെ പറയട്ടെയെന്നും പത്മജ കൂട്ടിച്ചേർത്തു.
Discussion about this post