തൃശൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്ന് കോടി രൂപയുടെ രാസലഹരിയുമായി കണ്ണൂർ സ്വദേശി ഫാസിലിനെ പിടികൂടി. ഒല്ലൂരിൽ പുലർച്ചെയോടെയായിരുന്നു സംഭവം.
ഒല്ലൂർ വഴി കോടികളുടെ രാസലഹരി കാറിൽ കടത്തുന്നതായി ഡാൻസാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസുമായി സഹകരിച്ച് ആയിരുന്നു പരിശോധന. വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി എത്തിയ ഫാസിലിന്റെ കാർ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഒല്ലൂരിൽ നിന്നും തലോറിലേക്ക് പോകുന്നതിനിടെ പിആർ പടിയിൽ വച്ചായിരുന്നു ഫാസിലിനെ പിടികൂടിയത്.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തു. ഇതിൽ ആലുവയിലെ വീട്ടിൽ വൻ ലഹരിശേഖരം ഉണ്ടെന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. തുടർന്ന് ഇവിടെയെത്തിയും പരിശോധന നടത്തുകയായിരുന്നു. കാറിലും വീട്ടിലുമായി നടത്തിയ പരിശോധനയിൽ രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്.
കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി എംഡിഎംഎ കൊണ്ടുവരുന്നതിനിടെ ആണ് ഫാസിൽ പിടിയിലായത്. ഇയാൾ ലഹരി കടത്താൻ ശ്രമിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post