ന്യൂഡൽഹി: വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താവ് സാമ്പത്തിക പിന്തുണ നൽകേണ്ടതാണെന്ന് സുപ്രീംകോടതി. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ പരാമർശം.
ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ ഭാര്യയ്ക്കും പങ്കാളിത്തം വേണം. ജോയിന്റ് അക്കൗണ്ട് വഴിയോ എടിഎം കാർഡ് വഴിയോ അത് ചെയ്യേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്തക്കന്മാർ ഈ വസ്തുതയെ കുറിച്ച് ബോധവാന്മാരാകണമെന്നും വീട്ടമ്മമാരായ ഭാര്യമാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കി ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വരുമാന സ്രോതസ്സുള്ള ഒരു സ്ത്രീയുടെ കാര്യത്തിൽ അവർ സാമ്പത്തികമായി സുരക്ഷിതത്വം അനുഭവിക്കുകയും ഭർത്താവിനെയും ഭർത്താവിന്റെ കുടുംബത്തേയും പൂർണമായി ആശ്രയിക്കാതിരിക്കുകയും ചെയ്യാം. എന്നാൽ ‘വീട്ടമ്മ’യെന്ന് വിശേഷിക്കപ്പെടുന്ന, സ്വന്തമായി വരുമാനമാർഗ്ഗമില്ലാത്ത, ഭർത്താവിനെയും കുടുംബത്തെയും സാമ്പത്തികമായി ആശ്രയിക്കുന്ന ഒരു വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്താണ്? കോടതി ചോദിച്ചു.
വിവാഹിതരായ മിക്ക പുരുഷന്മാരും വീട്ടമ്മമാരായ അവരുടെ ഭാര്യമാർ അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥ മനസ്സിലാക്കുന്നില്ല. ചെലവുകൾ നടത്താനുള്ള പണത്തിനായി വീട്ടമ്മമാർ നടത്തുന്ന ഏതൊരു അഭ്യർഥനയും ഭർത്താവും അയാളുടെ കുടുംബവും നിരസിച്ചേക്കാം. സ്വതന്ത്രമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്ത ഭാര്യ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയെ കുറിച്ച് ചില ഭത്താക്കന്മാർ ബോധവാന്മാരല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
Discussion about this post