നമ്മുടെ വീടുകളിലെ സുപ്രധാന ഭാഗമാണ് അടുക്കള. അടുപ്പു കത്താത്ത വീട് വീടല്ലെന്നാണ് പഴമക്കാർ പറയുന്നത്. പാചകം എളുപ്പമാക്കാൻ നമ്മൾ ആദ്യം മൺപാത്രത്തിലേക്കും, പിന്നെ ഇരുമ്പ് അലൂമിനിയം പാത്രങ്ങളിലേക്കും മാറി. ഇപ്പോൾ നോൺസ്റ്റിക്കുകളാണ് കൂടുതലും ഉപയോഗിക്കുന്നത്.
നോൺ-സ്റ്റിക്ക് പാനുകൾ എല്ലായ്‌പ്പോഴും ആരോഗ്യകരമായ തിരഞ്ഞെടുപ്പായിരിക്കണമെന്നില്ലെന്നറിയാമോ? നോൺ-സ്റ്റിക്ക് പാനുകൾ പോളിടെട്രാഫ്‌ലൂറോഎത്തിലീൻ (PTFE) എന്ന പദാർത്ഥം കൊണ്ട് ആണ് കോട്ട് ചെയ്തിരിക്കുന്നത്. ഉയർന്ന താപനിലയിൽ, PTFE ന് പെർഫ്‌ലൂറോക്റ്റാനോയിക് ആസിഡ് (PFOA) ഉൾപ്പെടെയുള്ള വിഷ പുകകൾ പുറത്തുവിടാൻ കഴിയുമെന്നാണ് പറയുന്നത്. നോൺ-സ്റ്റിക്ക് കോട്ടിംഗുകൾ താരതമ്യേന അതിലോലമായവയാണ്, പ്രത്യേകിച്ച് ലോഹ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവയ്ക്ക് എളുപ്പത്തിൽ പോറലുകൾ ഉണ്ടാകാം. ഒരിക്കൽ സ്‌ക്രാച്ച് വീണാൽ , അവയ്ക്ക് നിങ്ങളുടെ ഭക്ഷണത്തിലേക്ക് ചെറിയ കണങ്ങൾ പുറത്തുവിടാൻ കഴിയും. നോൺ-സ്റ്റിക്ക് പാനുകൾക്ക് ആയുസ്സ് കുറവാണ്. നോൺ-സ്റ്റിക്ക് കോട്ടിംഗ് ഉപയോഗിക്കുകയും വൃത്തിയാക്കുകയും ചെയ്യുമ്പോൾ ക്രമേണ ക്ഷയിക്കുന്നു. നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന രീതികൾക്ക് അനുയോജ്യമല്ല. അമിതമായ ചൂട് നോൺ-സ്റ്റിക്ക് കോട്ടിംഗിനെ നശിപ്പിക്കുകയും ദോഷകരമായ വസ്തുക്കൾ പുറത്തു വിടുകയും ചെയ്യും
സ്റ്റീൽ പാത്രങ്ങൾ പാചകത്തിന് നല്ലതാണ്. എന്നാൽ ഇവ പെട്ടെന്ന് ചൂടാകുമെങ്കിലും ഒരുപോലെ എല്ലാഭാഗത്തും ചൂട് ക്രമീകരിക്കാൻ കഴിയുന്നവയല്ല. ആയതിനാൽ പാത്രത്തിന്റെ അടിഭാഗത്ത് ചെമ്പും മുകൾവശത്ത് തുരുമ്പെടുക്കാത്ത സ്റ്റീലും കൊണ്ട് നിർമ്മിച്ച (കോപ്പർ ബോട്ടംഡ് സ്റ്റെയിൻലെസ് സ്റ്റീൽ) പാത്രങ്ങളാണ് പാചകത്തിന് ഏറ്റവും നല്ലത്.
ഇരുമ്പ് പാത്രങ്ങൾ പതിറ്റാണ്ടുകളോളം ഈടുനിൽക്കുന്നവയാണ്. ഭാരം കുറച്ച് കൂടുതലാണ് എന്നതും ചൂടാകാൻ സമയമെടുക്കും എന്നതുമാണ് ഇവയുടെ ചില ദോഷ വശങ്ങൾ. എന്നാൽ, ആരോഗ്യകരമായ ജീവിതത്തിന് ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ പുളിയുള്ളതോ അസിഡിക് ആയതോ ആയവ പാകം ചെയ്യാൻ സാധിക്കില്ല. ഇലക്കറികൾ പക്ഷേ പാകം ചെയ്യാൻ ഇവ ഉത്തമമാണ്.
ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ, ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും താപം തുല്യമായി എത്തുന്നതിനാൽ, ഭക്ഷണത്തിന്റെ രുചിയും കൂടും. അതേപോലെ തന്നെ, നോൺ സ്റ്റിക്ക് പാത്രങ്ങളിലേതു പോലെ, ടെഫ്ലോൺ പോലുള്ള സിന്തറ്റിക് കോട്ടിംഗുകൾ ഇല്ലാത്തതിനാൽ, ഹാനികരമായ വസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നത് ഒഴിവാക്കാം.
എന്നാൽ, പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം. ഓരോ തവണയും ഉപയോഗശേഷം പാത്രങ്ങൾ കഴുകി ഉണക്കി എണ്ണ പുരട്ടി വയ്ക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി.
ലോഹനിർമ്മിതമായ അലുമിനിയം, സ്റ്റെയിൻലെസ്സ് സ്റ്റീൽ, ഇരുമ്പ്, ബ്രാസ്, ബ്രോൺസ് തുടങ്ങി ലോഹനിർമ്മിതമല്ലാത്ത സെറാമിക്, ഗ്ലാസ്സ്, മൺപാത്രങ്ങളും മാർക്കറ്റിലുണ്ട്. എന്നാൽ, അലുമിനിയം ഫോയിൽ, ഗ്രോസറി,പ്‌ളാസ്റ്റിക് കോട്ടിംഗ് പേപ്പർ തുടങ്ങിയവ സുരക്ഷിതമല്ല. ചൂടാറാതിരിക്കാൻ ഉപയോഗിക്കുന്ന കാസറോൾ കുഴപ്പമില്ല.
Discussion about this post