എറണാകുളം: ലഹരിയുടെ കേന്ദ്രമായി കൊച്ചി നഗരം മാറുന്നുവെന്ന വെളിപ്പെടുത്തലുമായി മോഡൽ അൽക്കാ ബോണി. മുംബൈയിലും ബംഗളൂരിവിലും എന്ന പോലെ കൊച്ചിയിലും രാസലഹരി സുലഭമാണെന്നും താരം പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വരാപ്പുഴ സ്വദേശിനിയായ അൽക്കയുടെ പ്രതികരണം.
മറൈൻ ഡ്രൈവും കലൂർ സ്റ്റേഡിയവുമാണ് ലഹരിവിൽപ്പനയുടെ പ്രധാന കേന്ദ്രങ്ങൾ. രാവും പകലും ഇവിടെ പരസ്യമായാണ് വിൽപ്പന. പാന്റ്‌സിന്റെ പോക്കറ്റിൽ ലഹരിയുമായി എത്തി പരസ്യമായി വേണോ എന്ന് ചോദിക്കുന്നവർ ഉണ്ട്. ബംഗളൂരുവിലും മുംബൈയിലും ലഹരി വിൽപ്പന നടക്കുന്നുണ്ട്. എന്നാൽ അതെല്ലാം അതീവ രഹസ്യമായിട്ടാണ്. ഇവിടെ അങ്ങനെയല്ലെന്നും താരം പറഞ്ഞു.
എല്ലാ മോഡലുകളും ലഹരി ഉപയോഗിക്കാറില്ല. ചിലർ ലഹരി ഉപയോഗിക്കും. താൻ ലഹരി ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഉപയോഗിക്കുന്നു. എന്നാൽ ആർക്കും വിൽക്കാറില്ല. ലഹരി ഉപയോഗം തന്റെ ആരോഗ്യത്തെ നശിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇനി ലഹരി ഉപയോഗിക്കില്ലെന്നും അൽക്ക കൂട്ടിച്ചേർത്തു.
അടുത്തിടെ അൽക്കയുൾപ്പെടെയുള്ള മോഡലുകളെ ലഹരിമരുന്ന് കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മോഡലുകൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ ഉയർന്നുവന്നിരുന്നു.
Discussion about this post