കൊച്ചി: നെടുമ്പാശേരിയിൽ ഡിജെ പാർട്ടിക്കായി മയക്കുമരുന്നെത്തിച്ച മൂന്നു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിക്ക് എത്തിച്ച എംഡിഎംഎയും ഹാഷിഷും ഉൾപ്പെടെയുളള മയക്കുമരുന്നുകളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. കൊല്ലം സ്വദേശിനി സുജിമോൾ, കലൂർ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുൺ എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
ഇന്ന് രാവിലെ പത്ത് മണി മുതലാണ് സ്വകാര്യ ഹോട്ടലിൽ ഹാൾ വാടകയ്ക്ക് എടുത്ത് ഡിജെ പാർട്ടി നടന്നത്. ഡിജെക്ക് ലഹരി ഉപയോഗം ഉണ്ടെന്ന സൂചന എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിരുന്നു.
ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക് ഉപയോഗിക്കാൻ കാറിൽ ലഹരി മരുന്ന് എത്തിച്ചപ്പോഴാണ് മൂന്നംഗ സംഘം പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. പാർട്ടിക്കിടയിൽ നിന്ന് സംശയം തോന്നിയ അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരിൽ നിന്ന് ലഹരി കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post