കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് വേഗതയേകികൊണ്ട് ബെയ്‌ലി പാലം കരുത്തോടെ നിൽക്കുകയാണ്. ആർത്തലച്ച് പെയ്യുന്ന മഴയിൽ മറുകരയിലെത്താൻ നിസ്സഹായരായി നിന്ന രക്ഷാപ്രവർത്തകർക്ക് മുൻപിലാണ് പ്രതീക്ഷയുടെ പാലമായി ബെയ്‌ലി പാലം സൈന്യം പണി കഴിപ്പിച്ചത്. മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ബെയ്‌ലി പാലം സൈന്യം നിർമ്മിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സൈന്യം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 28 മണിക്കൂർ കൊണ്ട് പാലത്തിൻറെ നിർമാണം സൈന്യം പൂർത്തിയാക്കി.പാലം വന്നതോടെ രക്ഷാദൗത്യത്തിന് വേഗം കൂടി മദ്രാസ് റെജിമെന്റിലെ എൻജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.താത്കാലികമായി നിർമ്മിക്കുന്ന ബെയ്‌ലി പാലം നാടിന് സമർപ്പിക്കുന്നതായി സൈന്യം അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന് വേഗം കൂടിയതോടെ പാലം നിർമ്മിച്ച സൈനികസംഘത്തിനെയും അതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥയെയും അഭിനന്ദിക്കുകയാണ് നാട്. മേജർ സീത ഷെൽക്കയാണ് ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ എഞ്ചിനീയർ.മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യം തയ്യാറാക്കിയ ബെയ്‌ലി പാലത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പാലത്തിന് മുകളിൽ അഭിമാനപൂർവ്വം നിൽക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥയുടെ ചിത്രം വൈറലായിരിക്കുകയാണ്.ആർമി മദ്രാസ് എൻജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്‌ലി പാലം നിർമ്മിച്ചത്. ഇതിന്റെ നേതൃനിരയിൽ തലയെടുപ്പോടെ മേജർ സീത അശോക് ഷെൽക്കെയുമുണ്ട്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനർ താലൂക്കിലെ ഗാഡിൽഗാവ് എന്ന ചെറുഗ്രാമത്തിൽ നിന്നാണ് മേജർ സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഭിഭാഷകനായ അശോക് ബിഖാജി ഷെൽക്കെയുടെ നാല് മക്കളിൽ ഒരാളാണ് സീത അശോക് ഷെൽക്കെ. 600 പേർ മാത്രമുള്ള ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്.
2012 ലാണ് സീത അശോക് ഷെൽക്കെ സൈന്യത്തിന്റെ ഭാഗമായത്.ചെന്നൈയിലെ ഒടിഎയിൽ നിന്നാണ് സീത അശോക് ഷെൽക്കെ പരിശീലനം പൂർത്തിയാക്കിയത്.
Discussion about this post