പുരുഷൻമാരിലെ കാൻസർ കേസുകളും മരണനിരക്കും ആഗോളതലത്തിൽ വർദ്ധിക്കുന്നതായി പഠനം. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്. 2022- 2050 നും ഇടയിൽ ആഗോളതലത്തിൽ കാൻസർ രോഗനിർണയതിൽ 84 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നാണ് പഠനത്തിൽ പറയുന്നത്. കാൻസർ മരണത്തിൽ 93 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നും ഗവേഷകർ പറഞ്ഞു.
2050 ൽ ആഗോളതലത്തിൽ കാൻസർ കേസുകളുടെയും മരണങ്ങളുടെയും പ്രധാന കാരണം ശ്വാസകോശ അർബുദമായിരിക്കും എന്നാണ് റിപ്പോർട്ട്. 2022 ൽ കാൻസർ രോഗികൾ 5.4 ദശലക്ഷമായിരുന്നു. 2050 ആകുമ്പോഴേക്കും 10.5 ദശലക്ഷമായി കാൻസർ രോഗികൾ ഉയരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 185 രാജ്യങ്ങളിലായി മുപ്പതിലധികം വ്യത്യസ്ത തരം അർബുദങ്ങളെ അടിസ്ഥാപ്പെടുത്തിയാണ് പഠനം നടന്നത്. പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നു. ഇതിനാലാണ് പുരുഷൻമാരിൽ കാൻസറുമായി ബന്ധപ്പെട്ട മരണ നിരക്ക് സാധ്യത വർദ്ധിപ്പിക്കുന്നത്.
65 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്ക് യുവാക്കളെ അപേക്ഷിച്ച് അതിജീവന നിരക്ക് കുറവാണെന്ന് പഠനം പറയുന്നു. ഈ കാലയളവിൽ മരണനിരക്ക് 3.4 ദശലക്ഷത്തിൽ നിന്ന് 7.7 ദശലക്ഷമായി ഉയരുമെന്നും പഠനം പറയുന്നു
കൂടാതെ വിവിധ രാജ്യങ്ങളിലെ സാമ്പത്തിക നിലയനുസരിച്ച് കാൻസർ ഫലങ്ങളിലെ വ്യത്യാസങ്ങൾ പഠനം സൂചിപ്പിക്കുന്നുണ്ട്. 2022 നും 2050 നും ഇടയിൽ, ആഫ്രിക്കയിലും കിഴക്കൻ മെഡിറ്ററേനിയനിലും, കാൻസർ മരണങ്ങളുടെ എണ്ണം 2.5 മടങ്ങ് വർദ്ധിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post