മലയാളികളുടെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്‌ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മിന്നും താരമായി ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മഞ്ജു, പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും നടത്തി. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആന്റ് ജിൽ’ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ചാണ് താരം സംസാരിച്ചത്. ഒരു അയൺ ബോക്‌സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്‌സാണ്. പക്ഷേ അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്‌സ് വെച്ച് വില്ലൻ വേഷം ചെയ്യുന്നയാൾ അടിച്ചു.പക്ഷേ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം. അങ്ങനെ വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്. കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചു പോയി. അങ്ങനെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്ന് താരം പറഞ്ഞു. വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ ഭയങ്കര കുറ്റബോധമായിരുന്നുവെന്നും താരം പറയുന്നു.
അതേസമയം സൈജു ശ്രീധരൻ – മഞ്ജു വാര്യർ ഒരുമിക്കുന്ന ”ഫൂട്ടേജ്” ഓഗസ്റ്റ് ഇരുപത്തി മൂന്നിന് പ്രദർശനത്തിനെത്തും. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്, വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്ന്‌നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ – രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ – അനീഷ് സി സലിം, ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
Discussion about this post