കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ തിലകന്റെ പഴയ ഇന്റർവ്യൂകൾ ചർച്ചയാവുന്നു. നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താരസംഘടനയായ അമ്മ ഒരു കാലത്ത് തിലകന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അമ്മ സംഘടനയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് മമ്മൂട്ടിയും തിലകനും തമ്മിൽ തർക്കങ്ങളുണ്ടായതായി അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. അമ്മയുമായുള്ള പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മമ്മൂട്ടി തയ്യാറാകണമെന്ന് തിലകൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ തിലകൻ വിഷയത്തിൽ മദ്ധ്യസ്ഥനാകാൻ താൻ തയാറല്ലെന്ന് മമ്മൂട്ടി പറയുകയും ചെയ്തുവെന്നാണ് അന്ന് വാർത്തകൾ വന്നത്. പിന്നാലെ മമ്മൂട്ടിയും തിലകനും തമ്മിൽ ഉടക്കാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു.
തിരിച്ചുവരവിന്റെ സമയത്ത് നടത്തിയ ഒരു അഭിമുഖത്തിലാണ് തിലകൻ മമ്മൂട്ടിയെ കുറിച്ച് പറയുന്നത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജിന്റ ചോദ്യത്തിന് ഉത്തരമായാണ് തിലകന്റെ പരാമർശങ്ങൾ. തിലകനില്ലാതെ മലയാള സിനിമയുണ്ടോ എന്ന ചോദ്യമായിരുന്നു വീണയുടേത്. മമ്മൂട്ടി ഒരിക്കൽ പറഞ്ഞു. ചേട്ടാ പടങ്ങളൊന്നും ഇല്ല.മക്കളെ ഞാൻ എങ്ങനെ പോറ്റും .. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കസമയത്തായിരുന്നു ഇത്. ഞാൻ പറഞ്ഞു. നിങ്ങൾ വിഷമിക്കാതെ, നിങ്ങൾ ഇല്ലാതെ മലയാള സിനിമ പത്ത് വർഷം മുൻപോട്ട് പോകില്ല. മമ്മൂട്ടിയോട് ചോദിച്ചാൽ അദ്ദേഹം ഇത് പറയും. പല വേദികളിലും ഇത് പ്രസംഗിച്ച് കേട്ടിട്ടുണ്ടെന്ന് തിലകൻ പറയുന്നു. ഇപ്പോൾ പ്രത്യേകിച്ചും പറയുമെന്നും അദ്ദേഹത്തിന്റെ മകൻഎന്റെ കൂടെ അഭിനയിക്കാൻ പോകുകയാണെന്നും തിലകൻ പറയുന്നു( ഉസ്താദ് ഹോട്ടൽ സിനിമയുടെ സമയം) മമ്മൂട്ടിയ്ക്ക് ഇപ്പോൾ ഒരു തിരിച്ചറിവുണ്ടായിരിക്കാം വിമർശനം നല്ലതാണെന്ന്. മമ്മൂട്ടിയെ ഞാൻ വിമർശിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടാൽ, അയാൾ അയാളുടെ ചെയ്തികൾ നിയന്ത്രിക്കുമെന്നും നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുമെന്നും താരം പറഞ്ഞു. ദുബായിലെ ഒരു പരിപാടിക്കിടെ മമ്മൂട്ടി ഓടി വന്ന് കയ്യിൽ പിടിച്ചെന്നും അപ്പോൾ തനിക്കത് സോപ്പിടലാണെന്ന് തോന്നിയെങ്കിലും പറഞ്ഞില്ലെന്നും തിലകൻ പറഞ്ഞു.
Discussion about this post