കോഴിക്കോട്; കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുക കോഴിക്കോട് ബീച്ചാണ്. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് കോഴിക്കോട് ബീച്ച്. കോഴിക്കോട് നഗരത്തിലെത്തുന്നവരാരും ബീച്ച് കാണാതെ പോകാറില്ല. അകലെ നിന്നും ധാരാളം പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. കടൽത്തീരത്തിന് അടുത്തുള്ള ചെറുകടകളിൽ നിന്ന് കടൽവിഭവങ്ങൾ രുചിക്കാൻ എത്തുന്നവരും ഏറെയാണ.
ഇങ്ങനെ ബീച്ച് ആസ്വദിക്കാൻ കോഴിക്കോട് എത്തുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ആളുകൾ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. ബീച്ച് പരിസരത്തെ മോഷമമാണ് ഇതിന് കാരണം. പ്രദേശത്ത് പരിശോധന ശക്തമാക്കി പോലീസ് ഉണ്ടെങ്കിലും സ്വയം ജാഗ്രത പാലിക്കുന്നത് നല്ലതാണെന്നാണ് പരിസരവാസികളുടെ അഭിപ്രായം. ബീച്ച് പരിസരം, റെയിൽവേ സ്റ്റേഷൻ, ആളൊഴിഞ്ഞ ഇടങ്ങൾ എന്നിവിടങ്ങളിൽ നിറുത്തിയിടുന്ന കാർ, ബൈക്ക് എന്നിവ കുത്തിത്തുറന്നാണ് മോഷണം. മോഷണം കൂടുതലും ബീച്ച് പരിസരങ്ങളിലാണ്. വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ, സ്വർണം, ക്യാമറ, ലെൻസ്, പണം, ലാപ്ടോപ്പ്, വാച്ചുകൾ എന്നിവയാണ് നഷ്ടപ്പെടുന്നവയിൽ കൂടുതലും.
ഹൈടെക് ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് മോഷണം. പൂട്ടിയിട്ട സ്‌കൂട്ടറുകളുടെ ഡിക്കി ഹൈടെക് ടൂളുകൾ ഉപയോഗിച്ചാണ് ഇവർ തുറക്കുന്നത്. നിമിഷ നേരം കൊണ്ട് കാര്യം കഴിയും. ചില സമയങ്ങളിൽ സ്‌കൂട്ടറിലെ താക്കോൽ എടുക്കാതെ പോകുന്നതും ഇവർക്ക് എളുപ്പമാവുകയാണ്. കാറിന്റെ ഗ്ലാസുകൾ ശബ്ദമില്ലാതെ പൊട്ടിച്ചും മോഷ്ടിക്കുന്നുണ്ട്. വാഹനം മോഷ്ടിക്കാൻ ഇലക്ട്രോണിക് കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്ന സംഘങ്ങൾ വരെയുണ്ടെന്ന് പോലീസ് പറയുന്നു.
നിറുത്തിയിട്ട സ്‌കൂട്ടറുകളുടെ ഡിക്കിയിൽ നിന്നും കാറിൽ നിന്നും ക്യാമറകളാണ് കൂടുതലായും മോഷണംപോകുന്നത്. വൈകീട്ട് മുതൽ രാത്രിവരെയുള്ള സമയങ്ങളിലാണ് മോഷണം പതിവ്. കാറിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ട് പോകുന്നവരുമുണ്ട്. ബീച്ച് പരിസരങ്ങളിൽ ക്യാമറ ഇല്ലാത്ത ഇടങ്ങളിലും തിരക്കുള്ള ദിവസങ്ങളിലുമാണ് മോഷണം കൂടുന്നതെന്നും സാധനങ്ങൾ മാത്രമല്ല വാഹനങ്ങളും മോഷണം പോകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post