എറണാകുളം: സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ മതിയായ സുരക്ഷാ ഒരുക്കിയില്ലെന്ന് ആരോപിച്ചു നടി മഞ്ജു വാര്യർക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ നടി ശീതൾ തമ്പിക്കെതിരെ ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചു. സിനിമയുടെ റിലീസ് ദിവസം തന്നെ ഇത്തരത്തിൽ പെരുമാറുന്നത് എന്താണെന്ന് അറിയില്ല. തലേ ദിവസം വരെ ഒരു പരാതിയും ശീതൾ പറഞ്ഞിരുന്നില്ലെന്നും സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഷബ്‌ന മുഹമ്മദ് വ്യക്തമാക്കി.
ഇന്നലെ രാത്രി വരെ മെസേജ് അയച്ച ആളാണ് ശീതൾ. പെട്ടെന്ന് എന്തോ പുതിയൊരു കളി അത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശീതളിന് അപകടം സംഭവിച്ചത് മുതല്‍ എഴുന്നേറ്റ് നടക്കാനായതുവരെ അവരുടെ കൂടെ നിന്നിട്ടുണ്ട്. ആശുപത്രിയില്‍ മാത്രം ഒമ്പതു ലക്ഷം രൂപയോളം ചിലവിട്ടിട്ടുണ്ട്. സിനിമയിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ റീലീസ് ചെയ്യുന്ന ദിവസം തന്നെ ഇത്തരത്തിൽ അറ്റാക്ക് ചെയ്യുന്നത് ശരിയല്ല. ഇതിന് പിന്നില്‍ ഗൂഗൂഢാലോചന ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘട്ടന രംഗം ചിത്രീകരിക്കുമ്പോൾ മതിയായ സുരക്ഷാ ഒരുക്കിയില്ലെന്ന് ആരോപിച്ചാണ് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് നോട്ടീസ് അയച്ചത്. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. വന മേഖലയിൽ വച്ചുള്ള സാഹസിക രംഗങ്ങൾ എടുക്കുന്നതിന് ഇടയിലായിരുന്നു അത്. മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല, ആവശ്യത്തിന് ആംബുലൻസ് പോലും ലഭ്യമായിരുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.
മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ഗുരുതരമായ പരിക്കുണ്ടായി എന്നുമാണ് വക്കീൽ നോട്ടീസിന് ആധാരമായി പറയുന്നത്. പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണെന്നും നോട്ടീസിൽ പറയുന്നു.
നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.













Discussion about this post