തിരുവനന്തപുരം: പ്രമുഖ നടനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ധയും അദ്ധ്യാപികയുമായ മേരി ജോർജ്. 1980 കളിലാണ് സംഭവം നടന്നിരുന്നത്. തിരുവനന്തപുരം വിമൻസ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാർത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നുവെന്നും അന്ന് യുവതികളെ കാറിൽ കൊണ്ടുപോയിരുന്ന നടന് സർക്കാരിന് ഉന്നത ബന്ധം ഉണ്ടായിരുന്നതായും മേരി ജോർജ് ആരോപിച്ചു.
എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന്റെ പുറത്തുനിൽക്കുകയും ചില പെൺകുട്ടികൾ ആ വണ്ടിയിൽ കയറി പോകുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥികൾ പറഞ്ഞാണ് അധ്യാപകർ ഇക്കാര്യം അറിയുന്നത്. ഇതോടെ അധ്യാപകർ ഇത് നിരീക്ഷിക്കാൻ തുടങ്ങി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകർ ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെൺകുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങൾ മനസിലാക്കി. എന്നാൽ പ്രിൻസിപ്പലിന് സംഭവത്തിൽ ഇടപെടാനായില്ലെന്ന് മേരി ജോർജ് പറയുന്നു.
ഇക്കാര്യം തന്റെ സഹഅദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഈ അടുത്തകാലത്ത് അവർ ഇക്കാര്യം തന്നോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. അന്ന് ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കിൽ താൻ ഇടപെട്ടേനെയെന്നും മേരി ജോർജ് കൂട്ടിച്ചേർത്തു.
Discussion about this post