എറണാകുളം: താൻ സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഒരു പ്രമുഖ നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ജൂഡ് ആന്റണി. വലിയൊരു നടനായിരുന്നു അദ്ദേഹം. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ, അദ്ദേഹത്തിന് പകരം പുതിയ ഒരാളെ വച്ച് സിനിമ പൂർത്തിയാക്കുകയായിരുന്നുവെന്നും ജൂഡ് ആന്റണി തുറന്ന് പറഞ്ഞു.
ആരോപണവിധേയരുടെ പേരുകൾ പുറത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെളിവുണ്ടെങ്കിൽ എല്ലാം പുറത്ത് വരണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. സിനിമ മേഖലയിൽ വലിയ രീതിയിൽ ലഹരി ഉപയോഗം ഉണ്ട്. അതിനെ കുറിച്ചും അന്വേഷണം നടത്തണം. കേവലം ഒരു വിഷയത്തിൽ മാത്രം ഇത്തരം കാര്യങ്ങൾ ഒതുങ്ങിപ്പോവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സിനിമാ മേഖലയിലെ ലൈംഗീക ആരോപണങ്ങൾ അന്വേഷിക്കാനായി സർക്കാർ ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിൻ ജോസഫ്, വി അജിത്ത്, എസ് മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്.
Discussion about this post