എറണാകുളം: അബുദാബിയിൽ സൈബർ തട്ടിപ്പിന് ഇരയായി എറണാകുളം സ്വദേശിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. 11.4 ലക്ഷം രൂപയായിരുന്നു തട്ടിപ്പിനിരയായി നഷ്ടമായത്. എംഡിയെന്ന വ്യാജേന ബന്ധപ്പെട്ട് ആയിരുന്നു തട്ടിപ്പ്. അതേസമയം സൈബർ തട്ടിപ്പിന് ഇരയാകുന്ന മലയാളികളുടെ എണ്ണം അടുത്തിടെ ആയി വർദ്ധിച്ചിട്ടുണ്ട്.
അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസ്റ്റിമേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആൾക്ക് ആയിരുന്നു പണം നഷ്ടമായത്. കമ്പനിയുടെ എംഡിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഒരു ദിവസം യുവാവിന്റെ ഇ മെയിലിലേക്ക് എംഡിയുടേതിന് സമാനമായ ഇ- മെയിൽ വിലാസത്തിൽ നിന്നും 5000 ദിർഹം ആവശ്യപ്പെട്ട് കത്ത് ലഭിക്കുകയായിരുന്നു. മറ്റൊരു നമ്പറിൽ നിന്നും സന്ദേശം അയക്കാമെന്നും പ്രസ്തുത തുക ഐട്യൂൺസ് ഗിഫ്റ്റ് കാർഡ് വാങ്ങി നമ്പർ അയച്ച് കൊടുക്കാനും ആയിരുന്നു നിർദ്ദേശം.
സമാന രീതിയിൽ അയച്ചുകൊടുത്തു. ശേഷം ജീവനക്കാരനെ പ്രശംസിച്ച എംഡി 15000 ദിർഹം കൂടി നൽകാൻ ആവശ്യപ്പെട്ട്. എംഡിയുടെ പ്രശംസയിൽ സന്തോഷവാനായ ജീവനക്കാരൻ വീണ്ടും പണം നൽകി. ഇത്തരത്തിൽ 50,000 ദിർഹം ആയിരുന്നു ജീവനക്കാരനിൽ നിന്നും കൈപ്പറ്റിയത്.
ഇതിന് ശേഷവും ജീവനക്കാരനോട് പണം ആവശ്യപ്പെട്ടു. എന്നാൽ ക്രെഡിറ്റ് കാർഡ് ലിമിറ്റ് തീർന്നെന്ന് അറിയിച്ചതോടെ വേറെ ആരുടെയെങ്കിലും കയ്യിൽ നിന്നും വാങ്ങി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് ജീവനക്കാരന് തട്ടിപ്പ് മനസിലായത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഗിഫ്റ്റ് കാർഡ് വഴി പണം നൽകിയതിനാൽ ആരാണ് കൈപ്പറ്റിയത് എന്ന് തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Discussion about this post