തിരുവനന്തപുരം: കറന്റ് ബില്ല് അടയ്ക്കാൻ എളുപ്പമാർഗ്ഗവുമായി കെഎസ്ഇബി. കറന്റ് ബില്ല് നൽകാനെത്തുന്ന കെഎസ്ഇബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ പണം അടയ്ക്കാനുളള സൗകര്യമാണ് കൊണ്ടുവരുന്നത്. അടുത്ത മാസത്തോടെ ഈ പേയ്‌മെന്റ് സംവിധാനം നിലവിൽ വരും.
‘ആൻഡ്രോയിഡ് സ്പോട്ട് ബില്ലിങ് മെഷീനുകളിലാണ് ബില്ല് അടയ്ക്കാൻ സൗകര്യം ഉള്ളത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ബില്ല് തുക കയ്യോടെ അടയ്ക്കാം. ഇത്തരത്തിൽ ബില്ല് അടയ്ക്കുന്നതിന് യാതൊരു ട്രാൻസാക്ഷൻ ചാർജും കെഎസ്ഇബി ഈടാക്കുകയില്ല. കനറാബാങ്കിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.
എംസൈ്വപ്, പേസ്വിഫ് കമ്പനികളുടേതാണ് സ്പോട്ട് ബില്ലിങ് മെഷീനുകൾ. ഇവയ്ക്ക് പ്രതിമാസം 90 രൂപയും ജിഎസ്ടി തുകയും വാടക ഇനത്തിൽ ബാങ്കിന് നൽകും. നിലവിൽ 5000 ലധികം മീറ്റർ റീഡിംഗ് മെഷീനുകൾ കെഎസ്ഇബിയുടെ പക്കൽ ഉണ്ട്. ഇതെല്ലാം നവീകരിച്ച് പണം അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി ഏർപ്പെടുത്തും.
ഇതിനൊപ്പം ‘ക്വിക് യുപിഐ പേയ്മെന്റ്’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തും. ഇത് സ്‌കാൻ ചെയ്ത് നമുക്ക് വൈദ്യതി തുക അടയ്ക്കാം. കൺസ്യൂമർ നമ്പർ, ബിൽതുക, അവസാനതീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേർന്നാണ് ഈ സേവനങ്ങൾ ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ഈ സേവനങ്ങൾ പ്രാബല്യത്തിൽ വരുന്നതോട് കൂടി ഉപഭോക്താക്കൾക്ക് ഇനി കറന്റ് ബില്ല് അടയ്ക്കൽ കൂടുതൽ എളുപ്പമാകും.
Discussion about this post