ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.താരങ്ങൾക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ മലയാള സിനിമ ലോകത്തിന്റെ മുഖച്ഛായയെ ലോകത്തിന് മുൻപിൽ നാണം കെടുത്തി. ഇപ്പോഴും നടിമാർ ഓരോരുത്തരായി ആരോപണങ്ങളുമായ രംഗത്ത് വരുന്നുണ്ട്. സിനിമ വ്യവസായം ആരംഭിച്ചത് മുതൽ തന്നെ, അധികാര കേന്ദ്രങ്ങളായിരുന്നവരിൽ നിന്നും പലരീതിയിലുള്ള ഉച്ചനീചത്വങ്ങൾ നടിമാരും ചെറുവേഷങ്ങൾ അഭിനയിക്കുന്നവരും നേരിട്ടുകൊണ്ടിരുന്നു.
ഇപ്പോഴിതാ ഒരുകാലത്ത് മലയാള സിനിമയിലെ കിരീടം ചൂടാത്ത താരറാണിയായിരുന്ന നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ചർച്ചകൾ ഉയരുകയാണ്. മലയാള സിനിമയിൽ കേവലം അഞ്ചുവർഷം മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിലും വലിയ ആരാധകവൃന്ദം തന്നെ വിജയശ്രീയ്ക്ക് ഉണ്ടായിരുന്നു. 1974 ൽ വിജയശ്രീ മരിച്ചതോടെ അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ചോദ്യം ഉയർന്നു. മരണപ്പെട്ടിട്ട് 50 വർഷം പിന്നിട്ടിട്ടും ഇന്നും അത് ദുരൂഹതയായി തുടരുന്നു. മലയാള സിനിമയിലെ ആദ്യ ഇൻസ്റ്റിറ്റിയൂഷണൽ മർഡർ. വിജയശ്രീ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് താരത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നവർ അന്നും ഇന്നും പറയുന്നത്. ഒരുകാലത്ത് മലയാളത്തിന്റെ മർലിൻ മൺ റോ എന്നറിയപ്പെട്ടിരുന്ന നടിയായിരുന്നു വിജയശ്രീ. 24 വയസിനുള്ളിൽ 65 ചിത്രങ്ങളിൽ അഭിനയിച്ച അവർ പ്രേംനസീറിന്റെ നായികയായി തിളങ്ങി. തമിഴിൽ ശിവാജിയുടെ നായികയായും വിജയശ്രീ നിറഞ്ഞാടിയിരുന്നു.
പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് വിജയശ്രീയുടെ മരണത്തിന് പിന്നിലെന്ന് അക്കാലങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത അഞ്ചാമത്തെ വടക്കൻപാട്ട് സിനിമയാണ് വിജയശ്രീയും പ്രേം നസീറും നായികാ നായകൻമാരായ പൊന്നാപുരം കോട്ട
‘പൊന്നാപുരം കോട്ടയിലെ വള്ളിയൂർക്കാവിലെ കന്നിക്ക്’ എന്ന ഗാനത്തിന്റെ ചിത്രീകരണം വിജയശ്രീയുടെ വിധി മാറ്റിയെഴുതി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ വെച്ച് ചിത്രീകരിച്ച നീരാട്ടു ദൃശ്യത്തിനിടെ അവരുടെ വസ്ത്രം അഴിഞ്ഞു വെള്ളത്തിൽ ഒഴുകിപ്പോവുകയും, ആ ദൃശ്യം സൂം ലെൻസ് ഉപയോഗിച്ച് സംവിധായകൻ ചിത്രീകരിക്കുകയും ചെയ്തു എന്നുമായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. സ്റ്റുഡിയോകളുടെ കിടമത്സരങ്ങൾക്കിടയിൽ ഈ വീഡിയോ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കപ്പെട്ടു എന്ന് വിജയശ്രീ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. എന്നാൽ അന്നത്തെ വമ്പൻ സ്രാവുകളോട് ഏറ്റുമുട്ടാനും ചോദ്യം ചെയ്യാനും ആരും മുതിർന്നില്ല. ഏറെ ആരാധകരുണ്ടായിരുന്ന നടി ദുരനുഭവം നേരിട്ടിട്ടും ചോദ്യം ചെയ്യാനും ആളുണ്ടായിരുന്നില്ല.
വർഷങ്ങൾക്ക് ഇപ്പുറം 2011 ൽ ജയരാജ് സംവിധാനം ചെയ്ത നായിക പുറത്തുവന്നു.മലയാള സിനിമയിലെ ഒരു മുൻ നായികയായ ഗ്രേസി അമ്മയുടെ കഥ. ശാരദയായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നസീറിനെ അനുകരിച്ചുകൊണ്ട് ആനന്ദ് എന്ന നടനായി ജയറാമും. ഗ്രേസിയുടെ വളർത്തുമകളാണ് വാണി. സ്റ്റീഫൻ മുതലാളിയുടെ കുന്നത്തൂർകോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ വാണിയുടെ വസ്ത്രം വെള്ളത്തിൽ ഒഴുകിപ്പോകുന്നു. വാണി ബ്ലാക് മെയിൽ ചെയ്യപ്പെടുന്നു. സ്റ്റീഫൻ മുതലാളി വാണിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. എല്ലാം പുറത്തുപറയുമെന്ന് വാണി പറഞ്ഞപ്പോൾ മേക്കപ്പ് മാനെ ഉപയോഗിച്ച് ലിപ്സ്റ്റിക്കിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തുന്നു. വിജയശ്രീയുടെ ദുരനനുഭവമാണ് വാണി എന്ന കഥാപാത്രത്തിലുടെ കാണിച്ചത് എന്ന ചർച്ചകൾ ആ സമയത്ത് ഉയർന്നിരുന്നു.
Discussion about this post