തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം പുലിയിൽ നിന്നും എലിയായി എന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് പിവി അൻവർ എംഎൽഎ. ‘എലി അത്ര മോശം ജീവിയല്ലല്ലോ’ എന്നായിരുന്നു പി അൻവറിന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ട പരാതി നൽകിയതിന് ശേഷം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എലി അത്ര മോശം ജീവിയൊന്നുമല്ലല്ലോ.. ഒരു വീട്ടിൽ എലിയുണ്ടെങ്കിൽ അത്, എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് അറിയാമല്ലോ..അൻവർ കീഴടങ്ങി, മുങ്ങി, എലിയായി എന്നുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. അതൊന്നും കുഴപ്പമില്ല. എലിയായാലും പുലിയായാലും ഉയർത്തിയ വിഷയങ്ങൾ സമൂഹത്തിന് മുമ്പിൽ ഉണ്ടാകും’- അൻവർ എംഎൽഎ പറഞ്ഞു.
സംസ്ഥാനത്തെ പോലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും പാവപ്പെട്ട ജനങ്ങളുടെയും വികാരമാണ്. താൻ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്കും സർക്കാരിനുമുണ്ടാകുമെന്നും അൻവർ ഓർമിപ്പിച്ചു. ഇത് അന്തസ്സുള്ള സർക്കാരും മുഖ്യമന്ത്രിയും പാർട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നൽകിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാൻ കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നൽകിയാൽ അദ്ദേഹത്തിന് കീഴിലുള്ള അദ്ധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ. ഞാൻ പരാതി നൽകിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അത് പഠിക്കട്ടേ. അതിന് നടപടിക്രമങ്ങളുണ്ട്. ഹെഡ്മാസ്റ്ററെ കുറിച്ച് പ്യൂൺ അന്വേഷിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഈ പാർട്ടിക്കും സർക്കാരിനും ഉണ്ടാകുമെന്നായിരുന്നു അൻവറിന്റെ വാക്കുകൾ.
Discussion about this post