ഒരു രാഷ്ട്രീയ നേതാവിനു വേണ്ടി രണ്ട് അണികൾ വിമാനം റാഞ്ചിയ ഒരു വ്യത്യസ്തമായ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ.. 126 യാത്രക്കാരുമായി കൊൽക്കത്തയിൽ നിന്ന് ലഖ്നൗ വഴി ഡൽഹിക്ക് പോകുകയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ IC 410 വിമാനമാണ് രണ്ട് ആയുധധാരികൾ റാഞ്ചിയത്. നിരവധി സംഭവവികാസങ്ങളൊക്കെ ഉണ്ടായെങ്കിലും ഒടുവിൽ എല്ലായാത്രക്കാരും മോചിതരായി. ആർക്കും അപകടമൊന്നും ഉണ്ടായതുമില്ല.. പക്ഷേ വിമാനറാഞ്ചികളുടെ രാശി അതോടെ തെളിഞ്ഞു. ഇന്യ്്ൻ രാഷ്ട്രീയത്തിലെ പ്രമുഖമായ ഒരു കുടുംബത്തിന്റെ സ്വന്തം ആളുകളായി ഇവർ മാറി.. മാത്രമല്ല പിന്നീട് നിരവധി തവണ ഇലക്ഷൻ ടിക്കറ്റുകൾ ലഭിച്ചു. ഇരുവരും എം.എൽ.എമാരുമായി..
ഈ ഈ വിമാന റാഞ്ചികൾ ഏത് രാഷ്ട്രീയ പാർട്ടിയിലുള്ളവരാണെന്ന് ഏകദേശം മനസ്സിലായിക്കാണുമല്ലോ അല്ലേ ? നിങ്ങൾ ചിന്തിച്ചത് ശരിയാണ്. ഇരുവരും യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരും അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സഞ്ജയ് ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരുമായിരുന്നു. അടിയന്തിരാവസ്ഥക്ക് ശേഷം ജനതാ പാർട്ടി സർക്കാരിന്റെ കാലത്ത് അഴിമതിക്കേസിൽ അറസ്റ്റിലായ ഇന്ദിരഗാന്ധിക്ക് വേണ്ടിയായിരുന്നു അണികളുടെ വിമാന റാഞ്ചൽ.
1978 ഡിസംബർ 20 .. കൊൽക്കത്തയിൽ നിന്ന് ലഖ്നൗ വഴി ഡൽഹിക്ക് പോകുകയായിരുന്നു ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി 410 വിമാനം. ലഖ്നൗവിലെത്തിയ വിമാനം കൃത്യം 5.45 ന് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നു. ലഖ്നൗവിൽ നിന്നായിരുന്നു ആ രണ്ടു പേർ വിമാനത്തിൽ കയറിയത്. ഒരാളുടെ പേര് ഭോലാനാഥ് പാണ്ഡെ. മറ്റേയാൾ ദേവേന്ദ്ര പാണ്ഡെ. ഡൽഹി പാലം വിമാനത്താവളത്തിലേക്ക് മിനിറ്റുകൾ മാത്രം അവശേഷിക്കേ ഇരുവരും വിമാനത്തിന്റെ കോക് പിറ്റിലേക്ക് നടന്നു.
വിമാനത്തിലെ ജീവനക്കാരനോട് കോക് പിറ്റ് കാണണമെന്ന് ആവശ്യപ്പെട്ടു. അന്നതൊക്കെ സാധാരണ കാര്യമായിരുന്നതിനാൽ പൈലറ്റിനോട് പറയാൻ വേണ്ടി ജീവനക്കാരൻ കോക് പിറ്റിലേക്ക് പോയി വാതിൽ തുറക്കാനൊരുങ്ങി. അപ്പോഴവിടെ നിന്ന എയർഹോസ്റ്റസായ ഇന്ദിരാ താക്കൂരിയെ തള്ളി മാറ്റി ഇരുവരും കോക് പിറ്റിൽ കടന്നു. പിന്നീട് യാത്രക്കാർ കേട്ടത് ക്യാപ്ടൻ ബട്ടിവാലയുടെ ശബ്ദമാണ്.. നമ്മളുടെ വിമാനം റാഞ്ചിയിരിക്കുന്നു. നമ്മൾ വാരാണസിക്ക് പോവുകയാണ്.
യാത്രക്കാർ ആകെ പരിഭ്രാന്തരായി. ചിലരൊക്കെ കരച്ചിലും ആരംഭിച്ചു. സ്വാഭാവികമാണല്ലോ .. ആയുധ ധാരികളായ രണ്ടു പേർ ഒരു വിമാനം റാഞ്ചിയാൽ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാത്തവരല്ല വിമാനത്തിലുള്ളവർ. അവരെല്ലാവരും ആകെ വിഷമിച്ചു. ബഹളമായി.
അപ്പോഴാണ് ഏറ്റവും വലിയ കോമഡി. വിമാനറാഞ്ചികൾ അനൗൺസ് ചെയ്തു.
ഞങ്ങൾ ഗാന്ധിയന്മാരാണ്. ആരേയും ഉപദ്രവിക്കില്ല.. ഞങ്ങളുടെ നേതാവ് ഇന്ദിരഗാന്ധിയെ തടവിലാക്കിയിരിക്കുകയാണ്. അവരെ ഉടനടി വിട്ടയക്കണം. പ്രധാനമന്ത്രി മൊറാർജി ദേശായി ഈ നിമിഷം രാജിവെക്കണം. ഒപ്പം ഒരു പത്രസമ്മേളനത്തിനും അനുവദിക്കണം. ഇന്ദിരാഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും അനുകൂലമായി മുദ്രാവാക്യം വിളികളും ഇരുവരും നടത്തുന്നുണ്ട്.
വിമാനം വാരണാസിയിൽ ഇറക്കി. സ്കൂളിൽ പഠിച്ച ബുദ്ധി പോലും ഇല്ലാത്ത ഇരുവരും വിമാനം നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ പറത്താനാണ് ആവശ്യപ്പെട്ടതെന്ന് പൈലറ്റ് ബാട്ടിവാല പിന്നീട് പറഞ്ഞിട്ടുണ്ട്. ഇന്ധനമുണ്ടാകില്ലെന്നും വഴിയിൽ തകർന്ന് വീഴുമെന്നും പറഞ്ഞപ്പോഴാണ് റാഞ്ചികൾ എന്നാൽ പിന്നെ വിമാനം വാരണാസിക്ക് പോകട്ടെ എന്ന് ആവശ്യപ്പെട്ടത്.
എന്തായാലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാം നരേഷ് യാദവും ചീഫ് സെക്രട്ടറിയും ഡിജിപിയും സ്പെഷ്യൽ ഫ്ലൈറ്റിൽ വാരണാസിയിലെത്തി . ബന്ധികളെ വിടുവിക്കാൻ സന്ധി സംഭാഷണം ആരംഭിച്ചു. വൈകിട്ട് അഞ്ചേമുക്കാലിന് വിമാനത്തിൽ കയറിയ യാത്രക്കാർ പിറ്റേന്ന് രാവിലെ വിമാനത്തിൽ ഇരിക്കേണ്ടി വന്നു. വിമാനത്തിലെ അന്തരീക്ഷം ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പരാതിപ്പെട്ടതോടെ എമർജൻസി വാതിൽ തുറക്കാൻ റാഞ്ചികൾ സമ്മതിച്ചു. ആ തക്കത്തിന് കുറച്ച് പേർ അതിലൂടെ രക്ഷപ്പെടുകയും ചെയ്തു.
ഒടുവിൽ രാവിലെ 6.40 ഓടെ ഇരുവരും കീഴടങ്ങി. ദേവേന്ദ്രയുടെ അച്ഛനും ഡോക്ടറുമായ ജെഡി പാണ്ഡെയുടെ അഭ്യർത്ഥന മാനിച്ചാണ് ഇരുവരും കീഴടങ്ങിയത്. എല്ലാം കഴിഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലായത്. ബോംബെന്ന പേരിൽ ഇരുവരും കൊണ്ടുവന്നത് ക്രിക്കറ്റ് പന്തായിരുന്നു. കയ്യിലുണ്ടായിരുന്നത് പിള്ളേർ കളിക്കുന്ന കളിത്തോക്കും.
എന്തായാലും ഇന്ദിരയ്ക്കും കുടുംബത്തിനും വേണ്ടി ഇത്രയും സാഹസം ചെയ്തവരെ ഇന്ദിര മറന്നില്ല. 1981 ൽ അധികാരത്തിലെത്തിയപ്പോൾ ഇരുവരുടേയും പേരിലുള്ള കേസുകൾ റദ്ദാക്കി. മാത്രമല്ല ഇരുവർക്കും ഉത്തർപ്രദേശ് നിയമസഭ ഇലക്ഷനിൽ മത്സരിക്കാനുള്ള ടിക്കറ്റുകളും പാർട്ടി നൽകി. ഇരുവരും രണ്ടു വട്ടം എം.എൽ.എമാരാവുകയും ചെയ്തു. ഭോലാനാഥിന്റെ മകൻ അഭിഷേകിന് പേരിട്ടത് പോലും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. രാജീവ് ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമൊപ്പം സ്വകാര്യ യാത്രകളിൽ പോലും അനുഗമിക്കാനുള്ള അനുവാദമുണ്ടായിരുന്നു ഇരുവർക്കും. നെഹ്രു കുടുംബത്തിലെ ഇപ്പോഴത്തെ കിരീടാവകാശിയായ
രാഹുലിനോടും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഭോലാനാഥ് 2014 ൽ സേലംപൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് അന്തരിച്ചത്. 1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തോടെ ദേവേന്ദ്ര രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2017 ലാണ് അന്തരിച്ചത്.
സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായികൾ ഒരു വിമാനം റാഞ്ചിയപ്പോൾ അതിന്റെ അന്വേഷണം സഞ്ജയ് ഗാന്ധിയിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല റാഞ്ചികൾ നിരുപാധികം വിട്ടയക്കപ്പെടുകയും ചെയ്തു. അവർ പല പ്രാവശ്യം എം.എൽ.എ മാരായി. അധികാരത്തിന്റെ തണലിൽ പതിറ്റാണ്ടുകളോളം കഴിയുകയും ചെയ്തു. ഒരു കുടുംബം ഇന്ത്യയുടെ ഭരണ സംവിധാനങ്ങളിൽ എത്രത്തോളം ദുസ്വാധീനം ചെലുത്തിയെന്നതിന്റെ മറ്റൊരുദാഹരണമാണ് ഈ വിമാനറാഞ്ചൽ. അതുകൊണ്ട് തന്നെ ചില ചരിത്രങ്ങൾ വർത്തമാന കാലത്തും ഏറെ പ്രസക്തിയുള്ളതാകുന്നു.
Discussion about this post