ശരീരത്തിൽ വിറ്റമിൻ ഡി കുറയുന്നത് പരിഹരിക്കാൻ വെയിൽ കൊള്ളുന്നത് നല്ലതാണെന്ന് പണ്ടു മുതൽ തന്നെ നമ്മളെല്ലാം കേൾക്കാറുണ്ട്. നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നമ്മുടെ മുഴുനീള ആരോഗ്യത്തിനും ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റമിൻ ഡി. സൂര്യപ്രകാശം പ്രത്യേകിച്ച് സൂര്യന്റെ അൾട്രാവയലറ്റ് ബി രശ്മികളോട് സമ്പർക്കം പുലർത്തുമ്പോൾ നമ്മുടെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നതാണ് വിറ്റമിൻ ഡി.
എന്നാൽ, സൂര്യനിൽ നിന്നും എങ്ങനെയാണ് നമുക്ക് വിറ്റമിൻ ഡി ശരീരത്തിൽ എത്തുന്നത്. സമയമാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. എന്താണ് ഈ പോഷകത്തിന്റെ പ്രാധാന്യമെന്ന് നോക്കാം…
ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകമാണ് വിറ്റമിൻ ഡി. വിറ്റമിൻ ഡിയുടെ കുറവ് മുതിർന്നവർക്ക് അസ്ഥിക്ഷയം, കുട്ടികൾക്ക് പിള്ളവാതം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാം. ശരീരത്തിൽ ആവശ്യത്തിന് അളവ് വിറ്റമിൻ ഡി ഉള്ളത്, കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ മാറ്റി നിർത്തും.
വിറ്റമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് സൂര്യപ്രകാശം ഏൽക്കുന്നതിന് ഏറ്റവും അനുയോജ്യമായയ സമയം നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. വിറ്റമിൻ ഡി ഉത്പാദനത്തിന് കാരണമായ യുവിബി കിരണങ്ങൾ സാധാരണയായി 10 മണിക്കും 3 മണിക്കും ഇടയിലായിരിക്കും ഏറ്റവും കൂടുതൽ ശരീരത്തിന് ലഭിക്കുക. ഈ സമയങ്ങളിൽ സൂര്യരശ്മികൾ കൂടുതൽ നേരിട്ടുള്ളതും ശരീരത്തിൽ വേഗത്തിൽ ആഗീരണം ചെയ്യുന്നതും ആയിരിക്കും.
എന്നാൽ, സൂര്യരശ്മികൾ തട്ടുന്നത് ചർമത്തിന് ദോഷകരമായി ബാധിക്കാനും കാരണമാകരുത്. അതിനാൽ തന്നെ 10മുതൽ 30 മിനിറ്റിനുള്ളിൽ മാത്രമേ സൂര്യപ്രകാശം കൊള്ളാവൂ. ചർമത്തിന് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാൻ, സൺസ്‌ക്രീൻ, ചർമം സംരക്ഷിക്കുന്നതിന് ആവശ്യമായ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കണം.
Discussion about this post